അടുത്ത അധ്യയന വര്‍ഷം ഹൂസ്റ്റണ്‍ ഐ.എസ്.ഡി (HISD) 12 സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു

By: 600002 On: Feb 13, 2026, 7:22 AM



 


പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: അടുത്ത അധ്യയന വര്‍ഷത്തേക്ക് തങ്ങളുടെ കീഴിലുള്ള 12 സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ഹൂസ്റ്റണ്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ആലോചിക്കുന്നു. വ്യാഴാഴ്ച നടന്ന യോഗത്തിലാണ് സൂപ്രണ്ട് മൈക്ക് മൈല്‍സ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റും വരുന്ന അമിത ചിലവ്. മെച്ചപ്പെട്ട പഠനസൗകര്യങ്ങള്‍ കുറഞ്ഞ ഇടങ്ങളില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ഇടങ്ങളിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കാനുള്ള തീരുമാനം എന്നിവയാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനുള്ള പ്രധാന കാരണങ്ങള്‍:

സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഡിസ്ട്രിക്റ്റിന്റെ പുതിയ പരിഷ്‌കരണ പദ്ധതിയുടെ ഭാഗമാണ്. ആധുനിക വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അധിഷ്ഠിത പഠനം, വെര്‍ച്വല്‍ സ്‌കൂളിംഗ് എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.

അല്‍ക്കോട്ട് എലിമെന്ററി, ഫ്‌ളൈമിംഗ് മിഡില്‍ സ്‌കൂള്‍, ഹോബി എലിമെന്ററി തുടങ്ങി 12 ഓളം ക്യാമ്പസുകളാണ് പട്ടികയിലുള്ളത്.

ഈ നിര്‍ദ്ദേശത്തിന്മേല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫെബ്രുവരി 26-ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ വോട്ടെടുപ്പിലൂടെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.