ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിൽ സ്കൂളിലുണ്ടായ വെടിവെപ്പ് രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നാണെന്ന് ബി.സി. പൊതുസുരക്ഷാ മന്ത്രി നീന ക്രീഗർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന ആക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അക്രമി എന്ന് സംശയിക്കുന്നയാളെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 25 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഉച്ചയ്ക്ക് 1:20-ഓടെ സ്കൂൾ വളപ്പിൽ വെടിവെപ്പ് ആരംഭിച്ചതോടെ ഏകദേശം 2,000 പേർ വസിക്കുന്ന ഈ പ്രദേശം പൂർണ്ണമായും അടച്ചുപൂട്ടി. സ്കൂളിനുള്ളിൽ ആറ് പേരെയും മറ്റൊരു സ്ഥലത്ത് വെച്ച് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തി. സന്ദേശം ലഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയെന്നും ഇത് കൂടുതൽ ജീവനപകടങ്ങൾ ഒഴിവാക്കിയെന്നും മന്ത്രി ക്രീഗർ പറഞ്ഞു. ഒരു ചെറിയ കമ്മ്യൂണിറ്റി അനുഭവിക്കുന്ന ദുഃഖം വിവരിക്കാൻ വാക്കുകളില്ല. ഒരു അമ്മ എന്ന നിലയിൽ, പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ ഞാൻ പങ്കുചേരുന്നു എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബി.സി. പ്രീമിയർ ഡേവിഡ് എബിയും സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അന്വേഷണത്തിൻ്റെ ഭാഗമായി ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളും എലിമെൻ്ററി സ്കൂളും ഈ ആഴ്ച മുഴുവൻ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. കമ്മ്യൂണിറ്റിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലും പീസ് ടവറിലും ദേശീയ പതാകകൾ ഏഴ് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു. കാനഡയിലെമ്പാടും ജനങ്ങൾ ഈ ദാരുണമായ സംഭവത്തിൽ കണ്ണീരൊഴുക്കുമ്പോൾ, ലോകനേതാക്കളും കാനഡയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഓരോ കുട്ടിയെയും വ്യക്തിപരമായി അറിയുന്ന ഇത്തരം ചെറിയ കമ്മ്യൂണിറ്റികളിൽ ഈ നഷ്ടം എത്രമാത്രം വലുതാണെന്ന് ചാൾസ് രാജാവ് അനുശോചന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.