അമേരിക്കയിലേക്കുള്ള കഴിഞ്ഞ ദിവസത്തെ യാത്രയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിമാനം കാനഡയുടെ വ്യോമാതിർത്തിയിലൂടെയാണ് കടന്നു പോയതെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്താനായിരുന്നു വാഷിംഗ്ടണിലേക്കുള്ള നെതന്യാഹുവിൻ്റെ യാത്ര. ഓൺലൈൻ ഫ്ലൈറ്റ് ട്രാക്കറുകൾ പ്രകാരം നെതന്യാഹുവിന്റെ വിമാനം കാനഡയ്ക്ക് മുകളിലൂടെ നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ചതായി വ്യക്തമായി.
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറൻ്റ് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്ന പശ്ചാത്തലത്തിലാണ് ഈ യാത്ര എന്നത് ശ്രദ്ധേയമാണ്. ഗാസയിലെ യുദ്ധക്കുറ്റങ്ങൾക്കും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) നെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. നെതന്യാഹു കാനഡയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാർണി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നെതന്യാഹുവിൻ്റെ വിമാനം കാനഡയുടെ ആകാശ അതിർത്തിയിലൂടെ കടന്നു പോയത്. വിമാനം ന്യൂഫൗണ്ട്‌ലാൻഡ്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂ ബ്രൺസ്‌വിക്ക് എന്നിവയ്ക്ക് മുകളിലൂടെയാണ് പറന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ വിമാനം കാനഡയ്ക്ക് മുകളിലൂടെ കടന്നുപോകുന്നത്. ഡിസംബറിൽ ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ച് ട്രംപിനെ കാണാൻ പോയപ്പോഴും വിമാനം ന്യൂഫൗണ്ട്‌ലാൻഡ്, നോവ സ്കോട്ടിയ എന്നിവയ്ക്ക് മുകളിലൂടെ പോയിരുന്നു.
ഡിസംബറിലെ വിമാനയാത്രയെക്കുറിച്ച് വിശദീകരിക്കാൻ കാനഡയുടെ ഗ്ലോബൽ അഫയേഴ്സ് വകുപ്പ് തയ്യാറായില്ല. വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന വിമാന പാതകളെക്കുറിച്ച് പ്രതികരിക്കാറില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. കാനഡയിലെ നിയമമനുസരിച്ച്, വിദേശ സർക്കാർ വിമാനങ്ങൾ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും അനുമതി തേടേണ്ടതുണ്ട്. ഈ യാത്രയ്ക്ക് ഇസ്രായേൽ അനുമതി തേടിയിരുന്നോ എന്ന് വ്യക്തമല്ല.
ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണത്തിന് ശേഷം നെതന്യാഹു ഏഴ് തവണ യുഎസിലേക്ക് പറന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിമാന പാതകൾ ഇപ്പോൾ അറസ്റ്റ് ഭീഷണിയെ അത്ര ഗൗരവമായി കാണുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്.