ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ കുറവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 നെ അപേക്ഷിച്ച് 2025 ആയപ്പോഴേക്കും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഏകദേശം 31 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാനുള്ള കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും മാറിയ വിസ നിയമങ്ങളുള്‍പ്പെടെ കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയില്‍ നിന്ന് ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി തിരഞ്ഞെടുക്കുന്ന കാനഡ, ഓസ്‌ട്രേലിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വിസ പരിധി നിശ്ചയിച്ചതും സാമ്പത്തിക ഭദ്രത തെളിയിക്കാനുള്ള തുക വര്‍ധിപ്പിച്ചതും ഇതില്‍പ്പെടും.