ഡോക്ടർമാരില്ലാതെ വലഞ്ഞ് കാനഡയിലെ ആരോഗ്യമേഖല: തിരിച്ചടിയായത് മുൻ സർക്കാരുകൾ കൈക്കൊണ്ട തെറ്റായ നയങ്ങളെന്ന് വിമർശനം

By: 600110 On: Feb 12, 2026, 6:25 AM

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിരുന്നു കാനഡ ഇന്ന് നേരിടുന്നത് കടുത്ത പ്രതിസന്ധി. സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കുന്ന 'ഫാമിലി ഡോക്ടർമാരുടെ' കടുത്ത ക്ഷാമമാണ് രാജ്യത്തെ ആരോഗ്യരംഗത്തെ തളർത്തുന്നത്. എന്നാൽ ഈ ദുരവസ്ഥ അപ്രതീക്ഷിതമായി ഉണ്ടായതല്ലെന്നും, പതിറ്റാണ്ടുകൾക്ക് മുൻപ് സർക്കാർ കൈക്കൊണ്ട തെറ്റായ നയങ്ങളുടെ ദുരന്തഫലമാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

1990-കളിൽ ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ എണ്ണം കുറയ്ക്കാൻ പ്രവിശ്യാ സർക്കാരുകൾ ബോധപൂർവം തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി മെഡിക്കൽ സ്കൂളുകളിലെ സീറ്റുകളും പരിശീലന സൗകര്യങ്ങളും വെട്ടിക്കുറച്ചു. ഇതിൻ്റെ ഫലമായി ഡോക്ടറാകാൻ യോഗ്യതയുണ്ടായിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കപ്പെടുകയും കാലക്രമേണ ജനസംഖ്യയ്ക്ക് ആനുപാതികമായ ഡോക്ടർമാരില്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു.

പകുതിയോളം കാനഡക്കാർക്കും ഇന്ന് സ്വന്തമായി ഒരു ഫാമിലി ഡോക്ടറില്ല. പത്ത് വർഷം മുമ്പ് ഇത് 40 ശതമാനമായിരുന്നു. ഫാമിലി ഡോക്ടർമാരെ കിട്ടാനില്ലാത്തതോടെ രോഗികൾ കൂട്ടത്തോടെ എമർജൻസി വാർഡുകളിലേക്ക് എത്തുകയാണ്. മണിക്കൂറുകളോ ദിവസങ്ങളോ നീളുന്ന കാത്തിരിപ്പിനൊടുവിൽ മാത്രമാണ് പലർക്കും പ്രാഥമിക ചികിത്സ പോലും ലഭിക്കുന്നത്. രോഗികളുടെ തിരക്ക് വർധിച്ചതോടെ ഡോക്ടർമാരും കടുത്ത ജോലിഭാരത്തിലും മാനസിക സമ്മർദ്ദത്തിലുമാണ്. ഭാവിയിലുണ്ടാകാൻ പോകുന്ന ദൗർലഭ്യത്തെക്കുറിച്ച് വിദഗ്ധർ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച ഭരണകൂടങ്ങൾ തങ്ങൾ തന്നെ സൃഷ്ടിച്ചെടുത്ത`രു പ്രതിസന്ധിയിലാണ് ഇപ്പോൾ അകപ്പെട്ടിരിക്കുന്നത്. സാധാരണ കുടുംബങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഒരു സംവിധാനമായി കാനഡയിലെ ആരോഗ്യമേഖല ഇന്ന് മാറിയിരിക്കുകയാണ്.