നോർത്ത് ഈസ്റ്റ് കാൽഗറിയിലെ കോവെൻട്രി ഹിൽസ് സ്‌കൂളിന് സമീപമുള്ള നടപ്പാതയിൽ വെച്ച് 11 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറിനും ഏഴിനും ഇടയിലാണ് സംഭവം നടന്നത്. കുട്ടി സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന സമയത്ത് ഒരാൾ സമീപിക്കുകയും ബലമായി കൂടെ കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, പ്രതിയുടെ പിടിയിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട കുട്ടി സുരക്ഷിതനായി വീട്ടിലെത്തുകയും മാതാപിതാക്കൾ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ഏകദേശം 5 അടി 6 ഇഞ്ച് ഉയരമുള്ള, 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കറുത്ത സ്വെറ്റ്പാൻ്റ്സും ഗ്രേ ഹുഡിയും വെളുത്ത ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, പ്രദേശത്തെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.