രാജ്യത്തെ പാർപ്പിട പ്രതിസന്ധിക്ക് പരിഹാരമായി 3D പ്രിൻ്റിംഗ് സാങ്കേതികവിദ്യയിലേക്ക് നീങ്ങുകയാണ് നിക്ഷേപകർ. ഒൻ്റാരിയോയിലെ മസ്‌കോക്ക മേഖലയിൽ നിന്നുള്ള ലിൻഡ റെയ്‌സ്മാൻ തൻ്റെ സമ്പാദ്യമായ ഏഴ് ലക്ഷത്തോളം ഡോളർ മുടക്കി ഒരു റോബോട്ടിക് ആം സ്വന്തമാക്കി ഈ രംഗത്ത് വലിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.
പരമ്പരാഗത നിർമ്മാണ രീതികളേക്കാൾ വേഗത്തിലും കുറഞ്ഞ ചിലവിലും കോൺക്രീറ്റ് ഭിത്തികൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും, ഏതാനും ദിവസങ്ങൾക്കുള്ളിൽ വീടിൻ്റെ പ്രധാന ഘടന പൂർത്തിയാക്കാൻ കഴിയുമെന്നും അവർ അവകാശപ്പെടുന്നു. ഈ നൂതന സാങ്കേതികവിദ്യയ്ക്ക് സർക്കാർ വലിയ പിന്തുണ നൽകുന്നുണ്ടെങ്കിലും, പരമ്പരാഗത നിർമ്മാണ തൊഴിലാളികളെയും കരാറുകാരെയും ഇതിൻ്റെ ഭാഗമാക്കുക എന്നത് വലിയ വെല്ലുവിളിയായി തുടരുന്നു. 3D പ്രിൻ്റർ ഉപയോഗിച്ച് ഭിത്തികൾ നിർമ്മിക്കാമെങ്കിലും, വാതിലുകൾ, ജനലുകൾ, പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവ പൂർത്തിയാക്കാൻ ഇതര തൊഴിൽ വിദഗ്ധരുടെ സഹായം അത്യാവശ്യമാണ്. പുതിയ സാങ്കേതികവിദ്യയോട് സഹകരിക്കാൻ പല നിർമ്മാണ കമ്പനികളും മടികാണിക്കുന്നത് ഈ മേഖലയുടെ വളർച്ചയെ സാവധാനത്തിലാക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.