ശൈത്യകാലത്ത് റോഡിലെ മഞ്ഞ് ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ഉപ്പ് കാൽഗറിയിലെ അഗ്നിശമന സേനാ വാഹനങ്ങളുടെ സ്റ്റീൽ ചട്ടക്കൂടുകൾ നശിപ്പിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം ഒൻപതോളം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഏകദേശം 20 ലക്ഷം ഡോളറിലധികം നഗരസഭയ്ക്ക് ചെലവാക്കേണ്ടി വന്നു. പത്ത് വർഷം മാത്രം പഴക്കമുള്ള വാഹനങ്ങളിലാണ് ഇത്തരത്തിൽ തുരുമ്പ് ബാധിച്ചിരിക്കുന്നത്.
പുതിയ വാഹനങ്ങൾ ഓർഡർ ചെയ്താൽ അവ ലഭിക്കാൻ നാല് വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നതിനാലാണ് പഴയവ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്.
വർഷം തോറും 40,000 മുതൽ 50,000 ടൺ വരെ ഉപ്പാണ് കാൽഗറിയിലെ റോഡുകളിൽ മഞ്ഞുരുക്കാൻ ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ അടിഭാഗം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുകയോ അല്ലെങ്കിൽ വാക്സ് സീലിംഗ് പോലുള്ള സംരക്ഷണ കവചങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് കെമിക്കലുകൾ മൂലമുണ്ടാകുന്ന നാശം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു പുതിയ ഫയർ ട്രക്കിന് ഏകദേശം 15 ലക്ഷം ഡോളർ വരെ വില വരുന്ന സാഹചര്യത്തിൽ, നിലവിലെ വാഹനങ്ങൾ സംരക്ഷിക്കുന്നത് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് അഗ്നിശമന വിഭാഗത്തിൻ്റെ വിലയിരുത്തൽ.