കാനഡയിൽ വാടകക്കാർക്ക് ആശ്വാസകരമായ റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. പുതിയ കണക്കുകൾ പ്രകാരം, കാനഡയിലെ ശരാശരി വാടക നിരക്ക് കഴിഞ്ഞ 31 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ജനുവരിയിലെ കണക്കനുസരിച്ച്, എല്ലാത്തരം റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെയും ശരാശരി മാസവാടക മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞ് 2,057 ഡോളറിലെത്തി.
കഴിഞ്ഞ 16 മാസമായി വാടക നിരക്കുകളിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും ഇത് വാടകക്കാർക്ക് ആശ്വാസമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ കോണ്ടോ അപ്പാർട്ടുമെന്റുകൾ വിപണിയിൽ എത്തിയതോടെ വിതരണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഒരു ബെഡ്റൂം യൂണിറ്റുകളുടെ വാടകയിൽ 3.4 ശതമാനത്തിൻ്റെ കുറവുണ്ടായപ്പോൾ, വലിയ കുടുംബങ്ങൾക്കായുള്ള മൂന്ന് ബെഡ്റൂം അപ്പാർട്ടുമെൻ്റുകളുടെ നിരക്കിൽ ചെറിയ വർധനവ് രേഖപ്പെടുത്തി. അപ്പാർട്ട്‌മെന്റ് വാടകയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് വാൻകൂവറിലാണ്. ടൊറന്റോയിലെ വാടക നിരക്കും കുറഞ്ഞു; കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാടക നിരക്കാണ് ഇപ്പോൾ ടൊറൻ്റോയിലേത്.
മോൺട്രിയൽ, എഡ്മന്റൺ എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള കുറവ് രേഖപ്പെടുത്തി. ഒന്റാരിയോയിലുടനീളം വാടകയിൽ 3.3 ശതമാനത്തിന്റെ കുറവുണ്ടായി. ആൽബർട്ടയിൽ 4.3 ശതമാനത്തിൻ്റെയും ബ്രിട്ടീഷ് കൊളംബിയയിൽ 4.7 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. എന്നാൽ സസ്‌കാച്ചവനിലും മാനിറ്റോബയിലും വാടക നിരക്കിൽ നേരിയ വർധനയും രേഖപ്പെടുത്തി.