ഇലക്ട്രിക് വാഹന വിപ്ലവത്തിനൊരുങ്ങി കാനഡ; രാജ്യത്തുടനീളം 8,000 പുതിയ ചാർജിംഗ് കേന്ദ്രങ്ങൾ വരുന്നു

By: 600110 On: Feb 11, 2026, 6:03 AM

 

കാനഡയിൽ ഇലക്ട്രിക് വാഹന (EV) വിപണിക്ക് പുത്തൻ കരുത്തുപകരാൻ വമ്പിച്ച പദ്ധതികളുമായി ഫെഡറൽ ഗവൺമെൻ്റ്. ഇതിൻ്റെ ഭാഗമായി രാജ്യത്തുടനീളം എണ്ണായിരത്തിലധികം പുതിയ ചാർജിംഗ് പോർട്ടുകൾ സ്ഥാപിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.   ഇതിനായി മാത്രം 84 ദശലക്ഷം ഡോളറാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. നിലവിലുള്ള 30,000 സ്റ്റേഷനുകൾക്ക് പുറമെയാണിത്. ദീർഘദൂര യാത്രകളിൽ ചാർജ് തീരുമോ എന്ന ആശങ്ക ഇതോടെ ഇല്ലാതാകും.

പുതിയ ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് 5,000 ഡോളർ (ഏകദേശം 3 ലക്ഷത്തിലധികം രൂപ) വരെയും, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്ക് 2,500 ഡോളർ വരെയും സബ്‌സിഡി ലഭിക്കും. എന്നാൽ ഈ ആനുകൂല്യം 2030 വരെ ഓരോ വർഷവും കുറഞ്ഞുവരുമെന്നതിനാൽ ഇപ്പോൾ വാഹനം വാങ്ങുന്നവർക്ക് കൂടുതൽ ലാഭം ലഭിക്കും. ഇലക്ട്രിക് വാഹന മേഖലയുടെ മൊത്തത്തിലുള്ള പുരോഗതിക്കായി ആകെ 1.5 ബില്യൺ ഡോളറിൻ്റെ ബൃഹദ് പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമായും വിൽക്കണമെന്ന മുൻപത്തെ നിബന്ധന  സർക്കാർ ഒഴിവാക്കി. പകരം, കാർ നിർമ്മാതാക്കൾക്ക് കർശനമായ 'മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ' ഏർപ്പെടുത്തി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും.

2035-ഓടെ രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങളും പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് കാനഡയുടെ ലക്ഷ്യം. സാധാരണ കുടുംബങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപകാരപ്രദമാക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കാനും വിപണിയിൽ മുന്നേറാനും സാധിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും ഊർജ്ജ മന്ത്രി ടിം ഹോഡ്സണും പ്രത്യാശ പ്രകടിപ്പിച്ചു.