കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ: ഇൻസ്റ്റാഗ്രാമിനും യൂട്യൂബിനുമെതിരെ ലോസ് ഏഞ്ചൽസിൽ ചരിത്രപരമായ വിചാരണ ആരംഭിച്ചു

By: 600110 On: Feb 11, 2026, 5:55 AM

 


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികളെ അടിമകളാക്കുന്നു എന്ന പരാതിയിൽ ഇൻസ്റ്റാഗ്രാമിനും യൂട്യൂബിനുമെതിരെ ലോസ് ഏഞ്ചൽസിൽ നിർണ്ണായകമായ വിചാരണ ആരംഭിച്ചു. കുട്ടികളെ ലക്ഷ്യമിട്ട് ആപ്പുകൾ രൂപകൽപ്പന ചെയ്ത രീതിയാണ് ഈ കേസിന് ആധാരം.'എൻഡ്‌ലെസ് സ്ക്രോളിംഗ്', തുടർച്ചയായ നോട്ടിഫിക്കേഷനുകൾ എന്നിവ കുട്ടികളെ ആകർഷിക്കാൻ മനഃപൂർവ്വം രൂപകൽപ്പന ചെയ്തതാണെന്നാണ് അഭിഭാഷകർ വാദിക്കുന്നത്.ഇത്തരത്തിലുള്ള അഡിക്ഷൻ കുട്ടികളിൽ ഗുരുതരമായ വിഷാദം, ഉത്കണ്ഠ, സ്വയം ഉപദ്രവിക്കാനുള്ള പ്രവണത എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.

ഉപയോക്താക്കൾ കൂടുതൽ സമയം ആപ്പിൽ ചെലവഴിക്കുന്നു എന്ന് ഉറപ്പാക്കാൻ അൽഗോരിതങ്ങളിൾ ബോധപൂർവ്വം മാറ്റം വരുത്തിയെന്നാണ് ആരോപണം. സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങൾ മൂലം തങ്ങളുടെ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ കുട്ടികളുടെ ചിത്രങ്ങളുമായി കോടതിക്ക് മുന്നിൽ ഒത്തുകൂടി. ആപ്പുകൾ കുട്ടികളെ ചൂഷണം ചെയ്യാനായി നിർമ്മിച്ച ഒരു 'കെണി' പോലെയാണെന്ന് 20 വയസ്സുകാരിയായ ഒരു യുവതി കോടതിയിൽ സാക്ഷ്യം നൽകി.
മെറ്റ (ഇൻസ്റ്റാഗ്രാം), യൂട്യൂബ് എന്നീ കമ്പനികൾ ഈ ആരോപണങ്ങളെ തള്ളി. സോഷ്യൽ മീഡിയ അഡിക്ഷൻ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും, കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്കും സ്കൂളുകൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നുമാണ് ഇവരുടെ വാദം. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി വിചാരണയിൽ സാക്ഷിയായി എത്തുമെന്നാണ് കരുതുന്നത്.

ഈ കേസിൻ്റെ വിധി ലോകമെമ്പാടുമുള്ള സമാനമായ നൂറുകണക്കിന് കേസുകളെ സ്വാധീനിക്കും. കമ്പനികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇത് വഴിയൊരുക്കും. വരും ആഴ്ചകളിൽ കൂടുതൽ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തും.