ഇലക്ട്രിക് വാഹന വിപണിക്ക് പുത്തൻ ഉണർവ് നൽകാനൊരുങ്ങി കാനഡ. ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സബ്‌സിഡി പദ്ധതി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ഇതനുസരിച്ച് പുതിയ ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് 5,000 ഡോളർ വരെ വിലക്കിഴിവ് ലഭിക്കും. പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നവർക്ക് 2,500 ഡോളർ വരെയാണ് ഇളവ്. വാഹന ഡീലർഷിപ്പുകളിൽ നിന്നുതന്നെ ഈ റിബേറ്റുകൾ നേരിട്ട് ലഭ്യമാകും. അതിനാൽ ആനുകൂല്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. ഇത് ഉപഭോക്താക്കളുടെ സമയവും പേപ്പർ ജോലികളും ലാഭിക്കാൻ സഹായിക്കും.പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും ഫ്യൂവൽ സെൽ വാഹനങ്ങൾക്കും മുഴുവൻ ആനുകൂല്യവും ലഭിക്കുമ്പോൾ, പ്ലഗ്-ഇൻ ഹൈബ്രിഡുകൾക്ക് നിശ്ചിത തുക മാത്രമേ ലഭിക്കൂ. 50,000 ഡോളർ വരെ വിലയുള്ള വാഹനങ്ങൾക്കാണ് നിലവിൽ ഈ ഇളവുകൾ ലഭിക്കുക. എന്നാൽ കാനഡയിൽ തന്നെ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ഈ വിലപരിധി ബാധകമല്ല എന്നത് ശ്രദ്ധേയമാണ്.
വാഹനങ്ങളുടെ ഉയർന്ന വിലയും ചാർജിംഗ് സ്റ്റേഷനുകളുടെ കുറവുമാണ് പലരെയും ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ 'ഫൈവ് പോയിൻ്റ് സ്ട്രാറ്റജി'യുടെ ഭാഗമായുള്ള ഈ പദ്ധതിയിലൂടെ വിൽപ്പന വർദ്ധിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനൊപ്പം തന്നെ ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി 84 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുന്നത്. രാജ്യത്തുടനീളം എണ്ണായിരത്തിലധികം പുതിയ ചാർജിംഗ് സ്റ്റേഷനുകൾ ഇതോടെ നിലവിൽ വരും.