നഗരങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങളിലുണ്ടാകുന്ന തടസ്സങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് വെള്ളപ്പൊക്കം ഒഴിവാക്കാൻ സഹായിക്കുന്ന 'എയർലൂം' എന്ന ഉപകരണം വികസിപ്പിച്ചെടുത്ത് രണ്ട് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ. വാൻകൂവറിലെ സ്ട്രാറ്റ്‌ഫോർഡ് ഹാൾ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ സമീർ അസ്സാനിയും ബോബി യാങ്ങുമാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.
ഡ്രെയിനേജ് കവാടങ്ങളിൽ കരിയിലകളും മാലിന്യങ്ങളും അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാതെ വരുമ്പോഴുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ ഈ ഉപകരണം സഹായിക്കും. ഈ നൂതന ആശയത്തിന് 'യൂത്ത് ഇന്നൊവേഷൻ ഷോക്കേസിൽ' നിന്നും ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ഇവർക്ക് സമ്മാനമായി ലഭിച്ചു. 2024-ൽ ഉണ്ടായ കനത്ത മഴയിൽ തങ്ങളുടെ വേണ്ടപ്പെട്ടവരുടെ വീടുകളിൽ വെള്ളം കയറിയതാണ് ഇത്തരമൊരു പരിഹാരം കണ്ടെത്താൻ ഇവർക്ക് പ്രചോദനമായത്.
ഡ്രെയിനേജ് ഗേറ്റുകൾക്കുള്ളിൽ സുരക്ഷിതമായി ഘടിപ്പിക്കാവുന്ന രീതിയിലാണ് 'എയർലൂം' രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ തരം സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം, ഓടകളിൽ തടസ്സമുണ്ടാകുമ്പോൾ തത്സമയം നഗരസഭകൾക്ക് വിവരം കൈമാറും. നഗരസഭയുടെ കൺട്രോൾ റൂമിലെ മാപ്പിൽ ചുവന്ന അടയാളമായി ഇത് തെളിയുന്നതോടെ, ഉദ്യോഗസ്ഥർക്കോ സന്നദ്ധപ്രവർത്തകർക്കോ കൃത്യസമയത്ത് അവിടെയെത്തി തടസ്സം നീക്കം ചെയ്യാൻ സാധിക്കും.
നിലവിൽ വാൻകൂവർ നഗരസഭ സന്നദ്ധപ്രവർത്തകരെ ആശ്രയിച്ച് നടത്തുന്ന നിരീക്ഷണ സംവിധാനത്തേക്കാൾ കാര്യക്ഷമവും ചിലവ് കുറഞ്ഞതുമാണ് ഈ രീതി. വരും ദിവസങ്ങളിൽ ഡെൽറ്റ നഗരസഭയുമായി സഹകരിച്ച് ഈ ഉപകരണത്തിൻ്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കാനാണ് വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നത്.