ക്യൂബയിൽ തുടരുന്ന രൂക്ഷമായ ഇന്ധനക്ഷാമത്തെത്തുടർന്ന് വെസ്റ്റ് ജെറ്റ് വിമാനക്കമ്പനി തങ്ങളുടെ വിൻ്റർ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ക്യൂബയിലെ അവശ്യ സേവനങ്ങളെപ്പോലും ബാധിച്ചിരിക്കുന്ന ഊർജ്ജ പ്രതിസന്ധിയും, വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന കാനഡ സർക്കാരിൻ്റെ പുതിയ നിർദ്ദേശവുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് വെസ്റ്റ് ജെറ്റ് വക്താവ് അറിയിച്ചു.
വെസ്റ്റ് ജെറ്റ് ഗ്രൂപ്പിന് കീഴിലുള്ള സൺവിങ് വെക്കേഷൻസ്, വെസ്റ്റ് ജെറ്റ് വെക്കേഷൻസ് എന്നിവയുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. നിലവിൽ ക്യൂബയിൽ തുടരുന്ന യാത്രക്കാരെ തിരികെ എത്തിക്കുന്നതിനായി കാനഡയിൽ നിന്നും ഇന്ധനം നിറച്ച പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
വെസ്റ്റ് ജെറ്റിന് പുറമെ എയർ കാനഡയും ക്യൂബയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.
ക്യൂബയിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 3,000 കനേഡിയൻ യാത്രക്കാരെ തിരിച്ചെത്തിക്കാനായി എയർ കാനഡ വിമാനങ്ങൾ അയച്ചു തുടങ്ങി. അമേരിക്ക ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന എണ്ണ ഉപരോധം രാജ്യത്തെ ഗതാഗതത്തെയും വൈദ്യുതി ഉൽപാദനത്തെയും വ്യോമയാന മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. മറ്റ് പ്രമുഖ വിമാനക്കമ്പനിയായ എയർ ട്രാൻസാറ്റ് നിലവിൽ സർവീസുകൾ നിർത്തിവെച്ചിട്ടില്ലെങ്കിലും, ക്യൂബയിലേക്ക് യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ബുക്കിംഗിൽ ഇളവുകൾ അനുവദിക്കുന്ന പുതിയ നയം പ്രഖ്യാപിച്ചിട്ടുണ്ട്.