കാനഡയിലെ വിൻസറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന 'ഗോർഡി ഹൗ' അന്താരാഷ്ട്ര പാലം തുറക്കുന്നത് തടയുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഈ വർഷം ആദ്യം തുറക്കാൻ നിശ്ചയിച്ചിരുന്ന പാലത്തിൻ്റെ ഉടമസ്ഥാവകാശത്തിൽ പകുതിയെങ്കിലും അമേരിക്കയ്ക്ക് വേണമെന്നും ഇതിനായി കാനഡ നഷ്ടപരിഹാരം നൽകണമെന്നുമാണ് ട്രംപിൻ്റെ ആവശ്യം.
പതിറ്റാണ്ടുകളായി കാനഡ വ്യാപാര മേഖലയിൽ അമേരിക്കയോട് അനീതിയാണ് കാണിക്കുന്നതെന്നും, അമേരിക്കൻ വിഭവങ്ങൾ ഉപയോഗിക്കാതെയാണ് പാലം നിർമ്മിച്ചതെന്നും അദ്ദേഹം ആരോപിച്ചു.6.4 ബില്യൺ ഡോളർ ചിലവിൽ കാനഡ പൂർണ്ണമായും ഫണ്ട് ചെയ്യുന്ന ഈ പദ്ധതി, ഇരു രാജ്യങ്ങളുടെയും പൊതു ഉടമസ്ഥതയിലായിരിക്കും പ്രവർത്തിക്കുക എന്നാണ് ഔദ്യോഗിക കരാർ. എന്നാൽ ട്രംപിൻ്റെ ഈ നീക്കം സാമ്പത്തികമായി തിരിച്ചടിയുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ നേതാക്കളും മുന്നറിയിപ്പ് നൽകുന്നു.
വിൻസർ-ഡെട്രോയിറ്റ് അതിർത്തിയിലൂടെയുള്ള വ്യാപാരം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പാലം തടയുന്നത് ഇരുരാജ്യങ്ങളിലെയും തൊഴിലവസരങ്ങളെയും വിതരണ ശൃംഖലയെയും ബാധിക്കുമെന്ന് മിഷിഗൺ ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. കാനഡയും മിഷിഗണും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രതീകമായ ഈ പദ്ധതി, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര ബന്ധത്തിന് കരുത്തേകുന്നതാണ്. ട്രംപിൻ്റെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, നിശ്ചയിച്ചതുപോലെ തന്നെ ഉദ്ഘാടനം നടക്കുമെന്ന പ്രതീക്ഷയിലാണ് മിഷിഗൺ ഭരണകൂടം.