സൂപ്പര്‍ ബൗള്‍ സ്റ്റേഡിയത്തിന് മുന്നില്‍ പ്രതിഷേധവുമായി റോ ഖന്ന; ഐസ് ഏജന്റുമാരെ പുറത്താക്കണമെന്ന് ആവശ്യം

By: 600002 On: Feb 10, 2026, 8:18 AM


 


പി പി ചെറിയാന്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ 'സൂപ്പര്‍ ബൗള്‍' നടക്കുമ്പോള്‍, വിദേശികളെ വേട്ടയാടുന്ന ഇമിഗ്രേഷന്‍ ഏജന്‍സിക്ക് (ICE) എതിരെ പ്രതിഷേധവുമായി യു.എസ്. ജനപ്രതിനിധി റോ ഖന്ന രംഗത്തിറങ്ങി. കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലുള്ള ലെവിസ് സ്റ്റേഡിയത്തിന് പുറത്താണ് അദ്ദേഹം പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നത്.

ആഡംബരത്തിലിരുന്ന് കളി കാണുന്നതിന് പകരം തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സിലിക്കണ്‍ വാലി എം.പിയായ റോ ഖന്ന പറഞ്ഞു.

കളി കാണാന്‍ എത്തുന്നവരില്‍ നിന്നും വിദേശികളെ പിടികൂടാന്‍ ഐസ്  ഏജന്റുമാരെ വിന്യസിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ സൂചനകള്‍ പ്രദേശവാസികളില്‍ വലിയ ഭീതിയുണ്ടാക്കിയിരുന്നു.

ഇമിഗ്രേഷന്‍ ഏജന്റുമാരെ ഭയന്ന് നിരവധി ആളുകള്‍ എം.പിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സൂപ്പര്‍ ബൗള്‍ ഞായറാഴ്ച തന്റെ ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

'ICE Out' എന്നെഴുതിയ ബോര്‍ഡുകളുമായി പ്രതിഷേധക്കാര്‍ സ്റ്റേഡിയത്തിന് പുറത്ത് അണിനിരന്നു. ഐസിന് പുതിയ ഫണ്ടുകള്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റേഡിയത്തില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന് എന്‍.എഫ്.എല്‍ (NFL) സുരക്ഷാ വിഭാഗം അറിയിച്ചിരുന്നെങ്കിലും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവ്യക്തമായ മറുപടികളാണ് പ്രതിഷേധത്തിന് കാരണമായത്.