നികുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാനഡ റവന്യൂ ഏജൻസി വരുത്തുന്ന കാലതാമസം കാനഡയിലെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്

By: 600110 On: Feb 10, 2026, 7:08 AM

 


കാനഡ റവന്യൂ ഏജൻസിയുടെ (CRA) ഭാഗത്തുനിന്നുണ്ടാകുന്ന അനാവശ്യ കാലതാമസം രാജ്യത്തെ നികുതിദായകർക്ക് വലിയ തലവേദനയാകുന്നു. നികുതി സംബന്ധമായ പരാതികളിലും അപ്പീലുകളിലും കൃത്യസമയത്ത് തീരുമാനമാകാത്തത് പല കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഏജൻസിയുടെ പിഴവുകൾ മൂലം സാധാരണക്കാർക്ക് ഭീമമായ തുക പിഴയൊടുക്കേണ്ടി വരുന്നതായും പരാതിയുണ്ട്.

നോവ സ്കോഷ്യയിൽ നിന്നുള്ള ഒരു നികുതിദായകൻ നേരിടുന്ന അനുഭവം ഇതിന് ഉദാഹരണമാണ്. തന്റെ നികുതി രേഖകളിലെ ഒരു പിഴവ് തിരുത്താനായി കഴിഞ്ഞ 10 മാസമായി അദ്ദേഹം അധികൃതരുടെ പിന്നാലെയാണ്. ആറു മാസത്തിനകം പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ വൈകിയതോടെ 3,471 ഡോളറിൻ്റെ പിഴത്തുക പലിശയടക്കം വലിയൊരു തുകയായി മാറിക്കഴിഞ്ഞു.

മറ്റ് ചില കുടുംബങ്ങളാകട്ടെ ഒരു വർഷത്തിലേറെയായി തങ്ങളുടെ അപേക്ഷകളിൽ മറുപടി കാത്തിരിക്കുകയാണ്. പ്രത്യേകിച്ചും അംഗപരിമിതർക്കുള്ള നികുതി ആനുകൂല്യമായ 'ഡിസബിലിറ്റി ടാക്സ് ക്രെഡിറ്റിനായി'  അപേക്ഷിച്ചവരാണ് സിആർ‌എയുടെ ഈ മെല്ലെപ്പോക്കിൽ ഏറ്റവും കൂടുതൽ വലയുന്നത്. ഇത് പലരുടെയും കുടുംബ ബജറ്റിനെത്തന്നെ അവതാളത്തിലാക്കിയിട്ടുണ്ട്.

ഫയലുകൾ കെട്ടിക്കിടക്കുന്ന കാര്യത്തിൽ സിആർ‌എ വീഴ്ച സമ്മതിക്കുന്നുണ്ട്. ആവശ്യക്കാർ കൂടുന്നതും ജീവനക്കാരുടെ കുറവുമാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സർക്കാർ തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തുന്നു. അപ്പീൽ വിഭാഗത്തിലേക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ സിആർ‌എ ഊർജ്ജിതമാക്കി. നിലവിലുള്ള ജീവനക്കാരുടെ കരാർ കാലാവധി വർദ്ധിപ്പിക്കാനും പുതിയ ആളുകളെ ജോലിക്ക് എടുക്കാനും ഏജൻസി തീരുമാനിച്ചിട്ടുണ്ട്.