ആൽബർട്ട പ്രവിശ്യയിലെ ഭൂരിഭാഗം ജനങ്ങളും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ആംഗസ് റീഡ് സർവേ

By: 600110 On: Feb 10, 2026, 7:02 AM

 

കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്രമാകണമെന്ന വാദങ്ങളെ തള്ളി ആൽബർട്ടയിലെ ഭൂരിഭാഗം ജനങ്ങളും. പ്രമുഖ ഏജൻസിയായ ആംഗസ് റീഡ് (Angus Reid) നടത്തിയ പുതിയ സർവേയിലാണ്, പ്രവിശ്യ കാനഡയുടെ ഭാഗമായി തന്നെ തുടരണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആൽബർട്ടയിൽ വേർപിരിയൽ വാദങ്ങൾ വീണ്ടും ശക്തമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് പഠിക്കാനായി നടത്തുന്ന മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ ആദ്യ സർവേയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 57 ശതമാനം പേരും വേർപിരിയലിനെതിരെ 'തീർച്ചയായും' വോട്ട് ചെയ്യുമെന്ന് ഉറപ്പിച്ചു പറഞ്ഞു. മറ്റൊരു എട്ട് ശതമാനം പേരും കാനഡയിൽ തുടരുന്നതിനെ അനുകൂലിക്കുന്നു. കേവലം എട്ട് ശതമാനം പേർക്ക് മാത്രമാണ് പ്രവിശ്യ സ്വതന്ത്രമാകണമെന്ന കാര്യത്തിൽ ഉറച്ച നിലപാടുള്ളത്. 21 ശതമാനം പേർ വേർപിരിയുന്നതിനോട് ചെറിയ തോതിൽ താല്പര്യം പ്രകടിപ്പിച്ചു.

കാനഡയിൽ നിന്ന് വിട്ടുപോയാൽ ആൽബർട്ട കടൽതീരമില്ലാത്ത പ്രവിശ്യയായി മാറുമെന്നും ഇത് ബിസിനസ്സിനെയും വ്യാപാരത്തെയും ദോഷകരമായി ബാധിക്കുമെന്നും ഭൂരിഭാഗം പേരും ഭയപ്പെടുന്നു. കൂടാതെ കനേഡിയൻ പൗരത്വം എന്ന സ്വത്വത്തിനും ഇവർ വലിയ വില നൽകുന്നുണ്ട്.  എന്നാൽ ഫെഡറൽ സർക്കാരിൻ്റെ നയങ്ങളോടുള്ള അതൃപ്തിയാണ് വേർപിരിയണമെന്ന് ആഗ്രഹിക്കുന്നവരെ അതിനായി പ്രേരിപ്പിക്കുന്നത്. ഒരു സ്വതന്ത്ര പ്രവിശ്യയായാൽ ആൽബർട്ടയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്ന് ഇവർ വിശ്വസിക്കുന്നു.

വേർപിരിയൽ വിഷയത്തിൽ നേതാക്കളുടെ പ്രവർത്തനത്തെക്കുറിച്ചും സർവേ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിക്ക് പ്ലസ് ഏഴ് എന്ന  പോസിറ്റീവ് റേറ്റിംഗാണ് ലഭിച്ചത്. ആൽബർട്ടയിൽ അദ്ദേഹത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ റേറ്റിംഗ് മൈനസ് 17 (-17) ആണ്. പഠനവിധേയമാക്കിയ നേതാക്കളിൽ ഏറ്റവും കുറഞ്ഞ റേറ്റിംഗ് ലഭിച്ചത് ഡാനിയേൽ സ്മിത്തിനാണ്. 

ആൽബർട്ടയിലെ റഫറണ്ടം നിയമങ്ങളിൽ മാറ്റം വന്ന സാഹചര്യത്തിൽ ഈ സർവേ ഫലം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഫെഡറൽ സർക്കാരിൻ്റെ നയങ്ങളോടുള്ള അതൃപ്തി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം ആൽബർട്ടക്കാരും ഐക്യത്തോടെ കാനഡയ്ക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്.