കാനഡയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ബ്രാംപ്ടൺ സ്വദേശിയായ ട്രക്ക് ഡ്രൈവർ ചരൺപ്രീത് സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഏകദേശം 7.5 ദശലക്ഷം ഡോളർ വിലമതിക്കുന്ന 55 കിലോ കൊക്കെയ്നും 5 കിലോ ഹെറോയിനും കടത്തിയതിനാണ് ഇയാൾ പിടിയിലായത്.
2022 ഏപ്രിൽ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കയിൽ നിന്നും ഒൻ്റാരിയോയിലെ ബ്ലൂ വാട്ടർ ബ്രിഡ്ജ് അതിർത്തി വഴി ട്രക്കിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കവെയാണ് സിംഗ് പിടിയിലാകുന്നത്. വിചാരണയുടെ ആദ്യഘട്ടത്തിൽ തനിക്കെതിരെയുള്ള നാല് കുറ്റാരോപണങ്ങളും ഇയാൾ നിഷേധിച്ചിരുന്നു. എന്നാൽ, സിംഗിൻ്റെ ട്രക്കിൽ എങ്ങനെയാണ് മയക്കുമരുന്ന് എത്തിയത് എന്നതിനെക്കുറിച്ചുള്ള പ്രോസിക്യൂഷൻ്റെ കൃത്യമായ വാദങ്ങൾ അംഗീകരിച്ച സുപ്പീരിയർ കോർട്ട് ജസ്റ്റിസ് ജോർജ്ജ് കിംഗ്, ഇയാൾ കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.നാല് പ്രധാന കുറ്റങ്ങളിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി ഉറപ്പിച്ചു. ശിക്ഷാവിധിയെക്കുറിച്ചുള്ള അന്തിമ വാദങ്ങൾ മെയ് മാസത്തിൽ നടക്കും. ജൂണിൽ ജഡ്ജി ശിക്ഷ പ്രഖ്യാപിക്കും.
നേരത്തെ, അറസ്റ്റിലായതിനെത്തുടർന്ന് രണ്ടാഴ്ചയോളം സാർനിയ ജയിലിൽ കഴിഞ്ഞിരുന്ന സിംഗ്, 55,000 ഡോളറിൻ്റെ ജാമ്യത്തുകയിലാണ് പുറത്തിറങ്ങിയത്. അതിർത്തി വഴിയുള്ള ലഹരിക്കടത്തിന് കാനഡയിൽ കർശന ശിക്ഷയാണ് നടപ്പിലാക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ 84 കിലോ കൊക്കെയ്നുമായി ഇതേ അതിർത്തിയിൽ പിടിയിലായ മറ്റൊരു ടൊറൻ്റോ സ്വദേശിക്ക് 11 വർഷം തടവുശിക്ഷ ലഭിച്ചിരുന്നു.