കാനഡയിൽ കഴിഞ്ഞ വർഷം കൺസ്യൂമർ ഇൻസോൾവെൻസി അപേക്ഷകളിൽ വൻ വർദ്ധന. 2024-നെ അപേക്ഷിച്ച് 2025-ൽ കൺസ്യൂമർ ഇൻസോൾവെൻസി അപേക്ഷകളിൽ 2.3 ശതമാനം വർദ്ധനവുണ്ടായത്. ആകെ 1,40,457 അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടത്. മുൻവർഷം ഇത് 1,37,295 ആയിരുന്നു. 2009-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കൂടാതെ, 1987-ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വാർഷിക നിരക്കുമാണിത്.
പാപ്പരത്ത പ്രഖ്യാപനങ്ങളും , പുതിയ നിബന്ധനകളോടെ കടം വീട്ടാൻ അനുവദിക്കുന്ന ഡെബ്റ്റ് പ്രൊപ്പോസലുകളും ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങളായി നിലനിൽക്കുന്ന ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന പലിശ നിരക്കും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2025-ലെ കണക്കനുസരിച്ച് ശരാശരി 385 കാനഡക്കാരാണ് ഓരോ ദിവസവും കൺസ്യൂമർ ഇൻസോൾവെൻസി അപേക്ഷ നൽകുന്നത്. ഇത് 2024-നേക്കാൾ പ്രതിദിനം 10 അപേക്ഷകൾ കൂടുതലാണ്.
ബ്രിട്ടീഷ് കൊളംബിയയിൽ കൺസ്യൂമർ ഇൻസോൾവെൻസി നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 10.6 ശതമാനം വർദ്ധനവുണ്ടായി. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ ഏഴ് ശതമാനവും, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 6.1 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ബിസിനസ്സ് മേഖലയിലെ ഇൻസോൾവെൻസി അപേക്ഷകളിൽ വലിയ കുറവുണ്ടായി. 2024-ൽ 6,188 ആയിരുന്നത് 2025-ൽ 21.8 ശതമാനം കുറഞ്ഞ് 4,840 ആയിട്ടുണ്ട്.