ഫ്ലോറിഡയിലെ ഒർലാൻഡോയിൽ രണ്ട് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതിയായി 20 വർഷത്തിലേറെ കാനഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാട്രിക് ലട്ട്സ് ജൂനിയറിനെ ഒടുവിൽ അമേരിക്കയ്ക്ക് കൈമാറി. 1998-ലെ ക്രിസ്മസ് ദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ച് 19-കാരിയായ നാൻസി ലോപ്പസിനെയും കാമുകൻ ഡാർവിൻ ജാവിയറെയും ഇടിച്ചുതെറിപ്പിച്ച കേസിലാണ് ലട്ട്സ് പ്രതിയാക്കപ്പെട്ടത്. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു.
2003-ൽ കോടതിയിൽ ഹാജരാകാതെ കാനഡയിലേക്ക് കടന്ന ലട്ട്സ്, ടൊറൻ്റോയിൽ ഒരു വ്യാജ 'സൈക്കിക്' ആയി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. ഒരു ഇൻ്റർനെറ്റ് കുറ്റാന്വേഷകൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പതിറ്റാണ്ടുകൾ നീണ്ട ഈ ഒളിവുജീവിതത്തിന് അന്ത്യം കുറിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച യുഎസ് മാർഷൽമാരുടെ അകമ്പടിയോടെ ഒർലാൻഡോയിൽ എത്തിച്ച ലട്ട്സിനെ ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ മാർച്ച് 5-ന് ഫ്ലോറിഡയിലെ കോടതിയിൽ ഹാജരാക്കും.
തെളിയിക്കപ്പെട്ടാൽ 30 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. താൻ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് ഇത്രയും കാലം ഒളിവിൽ കഴിഞ്ഞതെന്നും എന്നാൽ ഇപ്പോൾ ഓട്ടം നിർത്താൻ സമയമായെന്നും ലട്ട്സ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വർഷങ്ങളായുള്ള തങ്ങളുടെ കാത്തിരിപ്പിന് നീതി ലഭിച്ചതിൽ ഇരകളുടെ കുടുംബം ആശ്വാസം പ്രകടിപ്പിച്ചു.