രക്തസമ്മർദ്ദ മരുന്നുകൾ മാറിപ്പോയതായി മുന്നറിയിപ്പ്; കാനഡയിൽ മരുന്നുകൾ തിരിച്ചുവിളിക്കുന്നു

By: 600110 On: Feb 9, 2026, 10:52 AM

 

രക്തസമ്മർദ്ദത്തിനുള്ള 'മാർ-അംലോഡിപൈൻ' (MAR-Amlodipine 5 mg) ഗുളികകൾ അടങ്ങിയ കുപ്പികളിൽ മരുന്ന് മാറി കണ്ടെത്തിയതിനെത്തുടർന്ന് കാനഡയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തിന് നൽകുന്ന ഈ മരുന്നിന് പകരം, രക്തസമ്മർദ്ദം കുറവുള്ളവർക്ക് നൽകുന്ന 'മിഡോഡ്രിൻ' (midodrine 2.5 mg) ഗുളികകളാണ് ചില കുപ്പികളിൽ അടങ്ങിയിരിക്കുന്നത്.

മാർക്കൻ ഫാർമസ്യൂട്ടിക്കൽസ്പു റത്തിറക്കിയ 2472021, 2472021A എന്നീ ബാച്ചുകളിലെ മരുന്നുകളാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. അംലോഡിപൈന് പകരം മിഡോഡ്രിൻ കഴിക്കുന്നത് അമിതമായ രക്തസമ്മർദ്ദം, തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പ് കുറയുക തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്നു. യഥാർത്ഥ അംലോഡിപൈൻ ഗുളികകൾ എട്ടു വശങ്ങളുള്ളതും (octagonal), വെള്ള നിറത്തിലുള്ളതും ഒരു വശത്ത് '210', '5' എന്ന് രേഖപ്പെടുത്തിയതുമാണ്.

എന്നാൽ മാറിവന്ന മിഡോഡ്രിൻ ഗുളികകൾ വൃത്താകൃതിയിലുള്ളതും ഒരു വശത്ത് 'M2' എന്ന് രേഖപ്പെടുത്തിയതുമാണ്. രോഗികൾ തങ്ങളുടെ കൈവശമുള്ള മരുന്ന് കുപ്പികൾ പരിശോധിക്കണമെന്നും, വൃത്താകൃതിയിലുള്ള ഗുളികകൾ കണ്ടാൽ അവ ഉടൻ ഫാർമസികളിൽ തിരികെ നൽകണമെന്നും അധികൃതർ അറിയിച്ചു. കടുത്ത നെഞ്ചുവേദന, പെട്ടെന്നുണ്ടാകുന്ന തലവേദന, സംസാരത്തിന് തടസ്സം അല്ലെങ്കിൽ തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.