പി. പി. ചെറിയാന്‍
ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ISWAI) ഏര്‍പ്പെടുത്തിയ പ്രഥമ 'സോഷ്യല്‍ ഇംപാക്ട് അവാര്‍ഡ്' പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ജമാല്‍ കോളിന് സമ്മാനിച്ചു. 'മൈ ബ്ലോക്ക് മൈ സിറ്റി' എന്ന പ്രസ്ഥാനത്തിലൂടെ ഷിക്കാഗോയിലെ പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ യുവജന ശാക്തീകരണത്തിനായി അദ്ദേഹം നടത്തുന്ന പത്തു വര്‍ഷത്തിലേറെയായുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം.
ദാരിദ്ര്യത്തില്‍ നിന്നും അക്രമങ്ങളില്‍ നിന്നും യുവാക്കളെ മോചിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. 2024-ല്‍ പ്രസിഡന്റ് ജോ ബൈഡനില്‍ നിന്ന് 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
അസോസിയേഷന്റെ വാര്‍ഷികാഘോഷത്തില്‍ നടന്ന ചടങ്ങില്‍ കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് അവാര്‍ഡ് സമ്മാനിച്ചു. പ്രവാസി ഇന്ത്യക്കാര്‍ പൊതുസമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരം ഇടപെടലുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സണ്‍ തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജോസ് കോലഞ്ചേരി, ജാസ്മിന്‍ മാത്യു, ജോജോ ഒലിയപ്പുറത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.