പി പി ചെറിയാന്‍
പ്ലാനോ(ഡാലസ്): തന്റെ മകന്‍ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി. പ്ലാനോ സ്വദേശിയായ ആഷര്‍ വാന്‍ (18) നല്‍കിയ പരാതിയില്‍, സമ്മര്‍ സ്മിത്ത്, അഭിഭാഷകയായ കിം ടി. കോള്‍ എന്നിവര്‍ 3.2 ദശലക്ഷം ഡോളര്‍ (ഏകദേശം 26.5 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
2021-ല്‍ ഒരു ഉറക്കത്തിനിടയില്‍ (sleepover) ആഷര്‍ വാനും സുഹൃത്തുക്കളും ചേര്‍ന്ന് സമ്മര്‍ സ്മിത്തിന്റെ മകന് മൂത്രം കലര്‍ത്തിയ പാനീയം നല്‍കിയെന്നതായിരുന്നു വിവാദം. ഇതിനെ വംശീയ അതിക്രമമായും ക്രൂരമായ മര്‍ദ്ദനമായും ചിത്രീകരിച്ച് സമ്മര്‍ സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തി. ഇത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ആഷറിനും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും കാരണമാവുകയും ചെയ്തു.
കുട്ടികള്‍ തമ്മിലുണ്ടായ മോശം തമാശയെ വംശീയ അതിക്രമമായി ചിത്രീകരിച്ച് ആഷറിന്റെ ജീവിതം തകര്‍ത്തുവെന്ന് കോടതി കണ്ടെത്തി.കുട്ടിയുടെ ചികിത്സയ്ക്കും പഠനത്തിനുമായി 'GoFundMe' വഴി പിരിച്ചെടുത്ത 1.19 ലക്ഷം ഡോളര്‍, സമ്മര്‍ സ്മിത്തും അഭിഭാഷകയും ആഡംബര ജീവിതത്തിനായി ചിലവഴിച്ചതായി തെളിവുകള്‍ പുറത്തുവന്നു.
ആഷറിന്റെ സ്വകാര്യത ലംഘിച്ചതിനും മനഃപൂര്‍വം മാനസിക വിഷമം ഉണ്ടാക്കിയതിനും ജൂറി പ്രതികളെ കുറ്റക്കാരായി വിധിച്ചു.
തന്റെ മേല്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന കരിനിഴല്‍ ഒഴിഞ്ഞുപോയെന്നും ഈ വിധി വലിയ ആശ്വാസമാണെന്നും ആഷര്‍ വാന്‍ പ്രതികരിച്ചു. എന്നാല്‍ വിധിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സമ്മര്‍ സ്മിത്ത് അറിയിച്ചു.