പി. പി. ചെറിയാന്‍
ഗാര്‍ലാന്‍ഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേര്‍ന്ന അവിസ്മരണീയമായ ഒരു സന്ധ്യയില്‍, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവര്‍ത്തന ഉദ്ഘാടനം വിജയകരമായി നടന്നു. ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗാര്‍ലാണ്ടിലെ ഡാളസ് കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക - സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ലിയ നെബു, അല്‍സ്റ്റാര്‍ മാമ്പിള്ളി എന്നിവര്‍ ആലപിച്ച അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു. സൊസൈറ്റിയുടെ 2026 ലെ ഇയര്‍ പ്‌ളാന്‍ സെക്രട്ടറി അവതരിപ്പിച്ചു. പ്രസിഡന്റ് അനശ്വര്‍ മാമ്പിള്ളി അദ്ധ്യക്ഷപ്രസംഗം നടത്തി.
പ്രശസ്ത സിനിമാ സംവിധായകന്‍ ഷാജി എം. ഭദ്രദീപം കൊളുത്തി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാഹിത്യവും കലയും പ്രവാസ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു. ചടങ്ങിന് മിഴിവേകിക്കൊണ്ട് ദീപ ജെയ്‌സണ്‍ ആലപ്പാടന്‍ ഗാനാലാപനം നടത്തി
വായനയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് സൊസൈറ്റിയുടെ സഞ്ചരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം രാജു വര്‍ഗീസ് നിര്‍വ്വഹിച്ചു. അദ്ദേഹം ലൈബ്രറിയെക്കുറിച്ച് പ്രത്യേക പ്രസംഗം നടത്തുകയും ചെയ്തു. ജോയിന്റ് ട്രഷറര്‍ സി. വി. ജോര്‍ജ്ജ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഉഷ നായര്‍ അവതരിപ്പിച്ച കവിതാ ആലാപനം ശ്രദ്ധേയമായിരുന്നു.
ഷിജു എബ്രഹാം (കേരള അസോസിയേഷന്‍ പ്രസിഡന്റ്), സണ്ണി മാളിയേക്കല്‍ (IPCNT പ്രസിഡന്റ്), മാത്യു നൈനാന്‍ (ICEC പ്രസിഡന്റ്), സാമുവേല്‍ യോഹന്നാന്‍ (ലാന പ്രസിഡന്റ്) എന്നിവര്‍ വിവിധ സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു
തുടര്‍ന്ന് ജെയ്‌സണ്‍ ആലപ്പാടന്‍, അല്‍സ്റ്റാര്‍ മാമ്പിള്ളി എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ സദസ്സിന് സംഗീതവിരുന്നായി.
പരിപാടിയുടെ പ്രധാന ആകര്‍ഷണം 'സാഹിത്യവും സിനിമയും' എന്ന വിഷയത്തില്‍ നടന്ന സാഹിത്യ സദസ്സായിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എന്‍. സ്വാമി ഓണ്‍ലൈനിലൂടെ ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നു. സംവിധായകന്‍ ഷാജി എം. വിഷയത്തെ ആസ്പദമാക്കി വിപുലമായ പ്രഭാഷണം നടത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രാജന്‍ ചിറ്റാര്‍ (നിര്‍മ്മാതാവ്, അഭിനേതാവ്), ജോ കൈതമറ്റം (നിര്‍മ്മാതാവ്, അഭിനേതാവ്), ഹരിദാസ് തങ്കപ്പന്‍ (ലാന ട്രഷറര്‍), സന്തോഷ പിള്ള (നാടക രചയിതാവ്) , പി. പി. ചെറിയാന്‍, സിജു വി ജോര്‍ജ്ജ്, ഫ്രാന്‍സിസ് തോട്ടത്തില്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു.
ട്രഷറര്‍ സാറ ചെറിയാന്‍ നന്ദി പ്രകാശിപ്പിച്ചു. ദര്‍ശന മനയത്ത് പരിപാടിയുടെ അവതാരകയായി (MC) മികവുറ്റ രീതിയില്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ഡാലസിലെ നിരവധി സാഹിത്യപ്രേമികള്‍ പങ്കെടുത്ത ഈ ചടങ്ങ് പ്രാദേശിക സമയം വൈകുന്നേരത്തോടെ സമാപിച്ചു.