ന്യൂയോര്‍ക്കില്‍ ജൂതവിരുദ്ധത പടരുന്നു: മേയര്‍ മംദാനിക്കെതിരെ പ്രതിഷേധം ശക്തം

By: 600002 On: Feb 9, 2026, 9:11 AM




പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: നഗരത്തില്‍ ജൂതവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളില്‍  വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ പുതിയ മേയര്‍ സോഹ്റാന്‍ മാംദാനിക്കെതിരെ ജൂത സമൂഹം രംഗത്ത്. ഈ ജനുവരിയില്‍ മാത്രം ജൂതവിരുദ്ധ അക്രമങ്ങളില്‍ 182 ശതമാനം വര്‍ദ്ധനവുണ്ടായതായി എന്‍വൈപിഡി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2026 ജനുവരിയില്‍ അധികാരമേറ്റ ശേഷം മാംദാനി എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ജൂതവിരുദ്ധതയുടെ നിര്‍വ്വചനം  റദ്ദാക്കുക എന്നതായിരുന്നു. ഇത് അക്രമികള്‍ക്ക് ധൈര്യം നല്‍കുന്ന നടപടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേലിനെ ബഹിഷ്‌കരിക്കാനുള്ള ബിഡിഎസ് പ്രസ്ഥാനത്തില്‍ സിറ്റി ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അദ്ദേഹം അനുമതി നല്‍കി. പള്ളികള്‍ക്കും (Synagogues) സ്‌കൂളുകള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടും മേയറുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളില്ലെന്ന് ജൂത നേതാക്കള്‍ ആരോപിക്കുന്നു.

ക്രൗണ്‍ ഹൈറ്റ്‌സിലെ ചബാദ് ആസ്ഥാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റിയതും, പാര്‍ക്കുകളില്‍ സ്വസ്തിക ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടതും, പള്ളികള്‍ക്ക് മുന്നില്‍ ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതും ജൂത സമൂഹത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും മേയറുടെ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജൂത വംശജര്‍ ആരോപിക്കുന്നു.

താന്‍ എല്ലാ ന്യൂയോര്‍ക്കുകാര്‍ക്കും വേണ്ടിയുള്ള മേയറാണെന്നും ജൂതന്മാരുടെ സുരക്ഷ തന്റെ മുന്‍ഗണനയാണെന്നും മാംദാനി അവകാശപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വാക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് പൊതുവായ വിമര്‍ശനം.