മകളെ രക്ഷിക്കാന്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ പോരാട്ടം: പാനമയില്‍ നേരിടുന്നത് 12 വര്‍ഷം തടവ്

By: 600002 On: Feb 9, 2026, 8:52 AM


 


പി പി ചെറിയാന്‍

ഡാളസ്: വിരമിച്ച ഡാളസ് പോലീസ് ഉദ്യോഗസ്ഥനായ പോള്‍ ഇന്‍മാന്‍, വിദേശ ജയിലില്‍ 12 വര്‍ഷത്തെ തടവുശിക്ഷ നേരിടുന്ന തന്റെ മകളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. പാനമയില്‍ വെച്ചാണ് ഇദ്ദേഹത്തിന്റെ മകള്‍ സബ്രീന അണ്ടര്‍വുഡ് (34) പിടിയിലായത്.

അവധി ആഘോഷിക്കാന്‍ പാനമയില്‍ എത്തിയ സബ്രീനയുടെ ബാഗില്‍ നിന്ന് വിമാനത്താവള അധികൃതര്‍ തോക്ക് കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് ആയുധക്കടത്ത് കുറ്റം ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറഞ്ഞത് 12 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തോക്ക് തന്റെ മരുമകന്റേതാണെന്നും (സൈനിക ഉദ്യോഗസ്ഥന്‍), സബ്രീന ഇത് അറിഞ്ഞിരുന്നില്ലെന്നും പോള്‍ ഇന്‍മാന്‍ പറയുന്നു.

തോക്ക് ബാഗിന്റെ പുറത്തെ പോക്കറ്റിലാണ് ഇരുന്നിരുന്നത്. കടത്താന്‍ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ വസ്ത്രങ്ങള്‍ക്കിടയിലോ മറ്റോ ഒളിപ്പിക്കുമായിരുന്നു എന്ന് അദ്ദേഹം വാദിക്കുന്നു.

യുഎസിലെ നാഷ്വില്‍, ഹൂസ്റ്റണ്‍ വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ ഈ തോക്ക് കണ്ടെത്താന്‍ കഴിയാഞ്ഞത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.

നിലവില്‍ 23 ദിവസത്തെ ജയില്‍വാസത്തിന് ശേഷം സബ്രീനയെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് കുട്ടികളുടെ അമ്മയായ സബ്രീനയെ രക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിക്കുന്നില്ലെന്ന് പോള്‍ ഇന്‍മാന്‍ പരാതിപ്പെടുന്നു. തന്റെ പഴയ അന്വേഷണ വൈദഗ്ധ്യം ഉപയോഗിച്ച് തെളിവുകള്‍ ശേഖരിച്ച് മകളെ മോചിപ്പിക്കാനുള്ള ഒറ്റയാള്‍ പോരാട്ടത്തിലാണ് ഈ പിതാവ്.