ടിസാക് കോട്ടയം സിഎംഎസ് കോളേജില്‍ വിദ്യാഭ്യാസ ധന സഹായം നല്‍കി

By: 600002 On: Feb 9, 2026, 8:21 AM



 

 

ജീമോന്‍ റാന്നി


ഹൂസ്റ്റണ്‍ സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകര്‍ഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റും സംഘടിപ്പിച്ച് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയര്‍ന്ന ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് (TISAC) വിദ്യാഭ്യസ രംഗത്തും ശ്രദ്ധ പതിപ്പിയ്ക്കുന്നു.

സാമ്പത്തിക രംഗത്തു പിന്നോക്കം നില്‍ക്കുന്നതും അക്കാദമിക രംഗത്ത്  മികച്ചതും കായികമേഖലയില്‍ സജീവവുമായുള്ള കോളേജ്  വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുമെന്നു അന്തരാഷ്ട്ര വടം വലി മത്സരത്തിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രഖ്യാപനം പ്രവര്‍ത്തികമാക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജനുവരി 12 നു കോട്ടയം സിഎംഎസ് കോളേജില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ സിഎംഎസ് കോളേജിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ജോര്‍ജ് ഡോ. അഞ്ജു സൂസന്‍ ജോര്‍ജിനു  ടിസാക്ക് പ്രവര്‍ത്തകര്‍ കൈമാറി. ഹൂസ്റ്റണ്‍ സിഎസ്‌ഐ ഇടവക മുന്‍ വികാരി റവ. ബെന്നി തോമസ്, ടിസാക് മുന്‍ പിആര്‍ഓ ജിജു കുളങ്ങര, ആല്‍ബിന്‍ സണ്ണി എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
 
ഈ മഹത്തായ സംരംഭത്തിന് വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഈ ഉദ്യമം വിജയിപ്പിക്കാന്‍ ശ്രമിച്ച സിഎംഎസ് കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് ഡോ. അഞ്ജു സൂസന്‍ ജോര്‍ജിനെ  ഭാരവാഹികള്‍  നന്ദി അറിയിച്ചു.

ഭാവിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും  പ്രോത്സാഹിപ്പിക്കുന്നതിന് ടിസാക് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നുവെന്ന് ടിസാക്ക് ഭാരവാഹികള്‍ അറിയിച്ചു.