OCI പദവിയുള്ളവർ ഇന്ത്യയിൽ താമസിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ച് കാനഡയിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ ദമ്പതികൾ

By: 600110 On: Feb 9, 2026, 7:53 AM

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) പദവിയുള്ളവർ ഇന്ത്യയിൽ താമസിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ച് കാനഡയിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ ദമ്പതികൾ. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് വിസയില്ലാതെ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ ഒ.സി.ഐ പദവി വഴി സാധിക്കുമെങ്കിലും, ജോലിയിലും സ്വത്ത് സമ്പാദനത്തിലും വലിയ നിയന്ത്രണങ്ങളാണ് ഇവരെ കാത്തിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്.

പത്ത് വർഷത്തെ വിദേശവാസം അവസാനിപ്പിച്ച് കാനഡയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ദമ്പതികളാണ്, ഒ.സി.ഐ  കാർഡുമായി ഇന്ത്യയിൽ ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സ് തുറന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യാമെങ്കിലും, ഇന്ത്യയിൽ സർക്കാർ ഉദ്യോഗങ്ങൾ വഹിക്കാൻ ഒ.സി.ഐ കാർഡുടമകൾക്ക് നിയമപരമായി അനുവാദമില്ല.വീടോ കെട്ടിടങ്ങളോ വാങ്ങാൻ തടസ്സമില്ലെങ്കിലും, കൃഷിഭൂമിയോ തോട്ടങ്ങളോ വാങ്ങുന്നത് നിയമം മൂലം കർശനമായി നിരോധിച്ചിട്ടുണ്ട്. ഫാം ഹൗസുകൾ സ്വന്തമാക്കുന്നതിനും ഇവർക്ക് വിലക്കുണ്ട്.

പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ ഒ.സി.ഐ എന്നത് ഇരട്ട പൗരത്വമല്ല. ഇന്ത്യയിൽ ഇരട്ട പൗരത്വം അനുവദനീയമല്ല എന്ന യാഥാർത്ഥ്യം ഇവർ എടുത്തുപറയുന്നു. ഇത്തരം നിയമപരമായ പരിമിതികൾ നിലനിൽക്കുന്നുണ്ടെങ്കിലും, കുടുംബബന്ധങ്ങളും നമ്മുടേതായ സാംസ്കാരിക പശ്ചാത്തലവുമാണ് തങ്ങളെ നാട്ടിലേക്ക് തിരികെ എത്തിച്ചതെന്ന് ഈ ദമ്പതികൾ പറയുന്നു. മടങ്ങിവരവ് ഒരു വൈകാരികമായ തീരുമാനമാണെങ്കിൽ പോലും, നിയമപരമായ കാര്യങ്ങൾ മനസ്സിലാക്കി വേണം ഓരോ പ്രവാസിയും ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു.