പി പി ചെറിയാന്‍
ഒഹായോ സ്റ്റേറ്റ് ട്രഷറര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ വംശജനായ മുന്‍ സ്റ്റേറ്റ് സെനറ്റര്‍ നീരജ് അന്താനി പിന്മാറി. 2026-ലെ തിരഞ്ഞെടുപ്പില്‍ മറ്റ് പദവികളിലേക്കും താന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നീരജ് അന്താനി 2014 മുതല്‍ 2020 വരെ ഒഹായോ ജനറല്‍ അസംബ്ലിയില്‍ അംഗമായിരുന്നു. ഒഹായോ സ്റ്റേറ്റ് സെനറ്ററാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.
തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ സമ്പത്ത് വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് അന്താനി ചൂണ്ടിക്കാട്ടി. തന്റെ എതിരാളികളിലൊരാള്‍ ഇതിനകം തന്നെ സ്വന്തം ഫണ്ടില്‍ നിന്ന് 1.5 ദശലക്ഷം ഡോളര്‍ (ഏകദേശം 12 കോടി രൂപ) തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്‍കിക്കഴിഞ്ഞു. ഇത്ര വലിയ തുക ചെലവഴിക്കുന്നവരോട് മത്സരിക്കാന്‍ തന്റെ അനുയായികളോട് ഫണ്ട് ചോദിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു.
2024-ലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലും സമാനമായ സാഹചര്യം ഉണ്ടായതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്ന് മറ്റെല്ലാ സ്ഥാനാര്‍ത്ഥികളേക്കാളും കൂടുതല്‍ തുക താന്‍ സമാഹരിച്ചെങ്കിലും, സ്വന്തമായി വന്‍തുക ചെലവഴിച്ച ഒരു കോടീശ്വരനോടാണ് താന്‍ പരാജയപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
തല്‍ക്കാലം മത്സരരംഗത്തുനിന്ന് മാറുന്നുണ്ടെങ്കിലും പൊതുസേവന രംഗത്ത് സജീവമായി തുടരുമെന്ന് അന്താനി അറിയിച്ചു