പി പി ചെറിയാന്‍
വിസ്‌കോണ്‍സിന്‍: അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ അയല്‍വാസിയെ വെടിവെച്ചുകൊന്ന ശേഷം വീട്ടില്‍ പോയി സമാധാനമായി നികുതി വിവരങ്ങള്‍ (Taxes) ഫയല്‍ ചെയ്ത 31-കാരന്‍ പിടിയിലായി. ഡൊമിനിക് നോസാസെക് എന്നയാളാണ് തന്റെ അയല്‍വാസിയായ ആഞ്ചലോ നെല്‍സണെ (50) കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതി തന്നെ നേരിട്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഓഫീസിലെത്തി സുരക്ഷാ ജീവനക്കാരനോട് വിവരം പറയുകയായിരുന്നു. 'ഞാനൊരു തീവ്രവാദിയെ കൊന്നു, അവന്റെ തലയ്ക്കാണ് വെടിവെച്ചത്' എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
കൊലപാതകത്തിന് ശേഷം വീട്ടില്‍ പോയി എന്ത് ചെയ്തു എന്ന ചോദ്യത്തിന്, താന്‍ തന്റെ നികുതി കാര്യങ്ങള്‍ നോക്കുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്.
അയല്‍വാസികള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും അവര്‍ ഒരു മിലിഷ്യയുടെ ഭാഗമാണെന്നും പ്രതി വിശ്വസിച്ചിരുന്നു. കൊല്ലപ്പെട്ട വ്യക്തി ഭീകരവാദിയാണെന്നും തന്നെ ആക്രമിക്കാന്‍ കാത്തുനിന്നതാണെന്നും പ്രതി ആരോപിച്ചു. എന്നാല്‍ കൊല്ലപ്പെട്ട ആഞ്ചലോയുടെ കയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
തനിക്ക് മുന്‍പ് മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും ഉണ്ടായിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നിലവില്‍ ഒന്നാം ഡിഗ്രി മനഃപൂര്‍വമായ നരഹത്യ കുറ്റം ചുമത്തി പ്രതിയെ ജയിലിലടച്ചു. ഏകദേശം 2.1 കോടി രൂപ ($251,000) ആണ് കോടതി ഇയാള്‍ക്ക് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.