ആൽബർട്ടയിലെ വാഹന ഇൻഷുറൻസ് രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നു. 2027 ജനുവരി ഒന്ന് മുതൽ ആൽബർട്ട പ്രവിശ്യയിൽ പുതിയ വാഹന ഇൻഷുറൻസ് സംവിധാനം നിലവിൽ വരും. നിലവിലെ 'ടോർട്ട്' രീതിക്ക് പകരം 'കെയർ ഫസ്റ്റ്' അഥവാ 'നോ-ഫോൾട്ട്' ഇൻഷുറൻസ് സംവിധാനമാകും ഇനി നടപ്പിലാക്കുക. റോഡപകടമുണ്ടായാൽ അതിന് ഉത്തരവാദി ആരാണെന്ന് നോക്കാതെ തന്നെ പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായവും വരുമാന നഷ്ടത്തിനുള്ള പരിഹാരവും ഉടനടി ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
നിയമപരമായ നൂലാമാലകളും കോടതിച്ചെലവുകളും കുറയുന്നതോടെ ഇൻഷുറൻസ് പ്രീമിയം തുകയിൽ വലിയ കുറവുണ്ടാകുമെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ വ്യക്തമാക്കുന്നു. ശരാശരി ഒരു ഡ്രൈവർക്ക് വർഷത്തിൽ 400 ഡോളർ വരെ ഇതിലൂടെ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അപകടത്തിൽപ്പെടുന്നവർക്ക് കാനഡയിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയാണിതെന്ന് സർക്കാർ അവകാശപ്പെടുന്നു.
നിലവിൽ കാനഡയിൽ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് പ്രീമിയം നൽകുന്നവരാണ് അൽബെർട്ടക്കാർ. എന്നാൽ പ്രവിശ്യയിലെ ഇൻഷുറൻസ് കമ്പനികളാകട്ടെ വൻ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത് (2024-ൽ മാത്രം 1.2 ബില്യൺ ഡോളറിന്റെ നഷ്ടം). ചില കമ്പനികൾ ഈ മേഖലയിൽ നിന്ന് പിൻവാങ്ങുന്നത് സാധാരണക്കാർക്ക് ഇൻഷുറൻസ് ലഭിക്കുന്നത് പ്രയാസകരമാക്കുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നത്.
അതേസമയം, പുതിയ നിയമം തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം (Right to sue) ജനങ്ങൾക്ക് നഷ്ടപ്പെടുമെന്നാണ് ഇവരുടെ വാദം. ഇൻഷുറൻസ് കമ്പനികൾക്ക് അമിത അധികാരം ലഭിക്കുന്നത് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ കാരണമാകുമെന്നും, കമ്പനികളോട് പൊരുതാൻ സാധാരണക്കാർക്ക് നിയമസഹായം ലഭിക്കില്ലെന്നും ഇവർ ആശങ്കപ്പെടുന്നു.