ഒൻ്റാരിയോയിലെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളെ ചതിയിൽപ്പെടുത്തുന്ന വൻ ഓൺലൈൻ മാഫിയാ ശൃംഖലയെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ ഗെയിമുകളും വഴിയാണ് ഇവർ കുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. നിലവിൽ നിരവധി സ്‌കൂളുകൾ കേന്ദ്രീകരിച്ച് പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.
കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ അപകടകരമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സംശയാസ്പദമായ ചില ഓൺലൈൻ ഇടപെടലുകളെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് പോലീസ് സൈബർ വിദഗ്ധരുടെ സഹായത്തോടെ ഈ ശൃംഖലയെ പിന്തുടരാൻ തുടങ്ങിയത്. അന്വേഷണത്തോട് വിവിധ സ്‌കൂൾ ബോർഡുകൾ പൂർണ്ണമായും സഹകരിക്കുന്നുണ്ട്. സൈബർ ക്രൈം വിഭാഗം അതീവ ഗൗരവത്തോടെയാണ് ഈ നീക്കങ്ങളെ നിരീക്ഷിക്കുന്നത്.
കുട്ടികൾ ഓൺലൈനിൽ ചെലവഴിക്കുന്ന സമയവും അവർ ഇടപെടുന്ന വെബ്‌സൈറ്റുകളും മാതാപിതാക്കൾ കൃത്യമായി നിരീക്ഷിക്കണമെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ വഴിയുള്ള അപരിചിതരുമായുള്ള സൗഹൃദങ്ങൾ ഒഴിവാക്കണം. ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങളോ വീട്ടുപേരോ ഫോട്ടോകളോ കൈമാറാൻ കുട്ടികളെ അനുവദിക്കരുത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായിരിക്കണം മാതാപിതാക്കളും അധ്യാപകരും ഏറ്റവും വലിയ മുൻഗണന നൽകേണ്ടതെന്ന് അധികൃതർ അറിയിച്ചു.