കാനഡയിലെ പ്രമുഖ നഗരങ്ങളിലൊന്നായ സറെയിൽ ഗുണ്ടാസംഘങ്ങളുടെ അക്രമവും ഭീഷണിയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. പണം നൽകിയില്ലെങ്കിൽ വെടിവെപ്പും അക്രമവും നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് ബിസിനസ് ഉടമകൾ കഴിയുന്നത്. ജനുവരി മാസത്തിൽ മാത്രം ഇത്തരത്തിലുള്ള 35 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നഗരത്തിലെ ക്രമസമാധാന നില തകരാറിലാണെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥ അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടി സറെ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, പ്രശ്നപരിഹാരത്തിനായി പ്രീമിയർ ഡേവിഡ് ഈബി മുൻ പോലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. പോലീസും പൊതുജനങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാനഡയിലെ നിയമവ്യവസ്ഥയിൽ കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതും, വിദേശ ഗുണ്ടാസംഘങ്ങൾ രാജ്യത്തേക്ക് കടന്നുകൂടി കുറ്റകൃത്യങ്ങൾ തുടരുന്നതും സ്ഥിതി വഷളാക്കുന്നുവെന്ന് വിമർശനമുണ്ട്. സംഘടിത കുറ്റകൃത്യങ്ങൾക്ക് മുന്നിൽ നഗരത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ സറെ നിവാസികൾ.