ഇറാൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന് സംശയിക്കുന്ന വ്യക്തിയുടെ നാടുകടത്തൽ നടപടികൾ കാനഡയിൽ രഹസ്യമായി പുരോഗമിക്കുന്നു. വ്യാഴാഴ്ച നടന്ന നാടുകടത്തൽ ഹിയറിംഗിൽ, തൻ്റെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്നും മാധ്യമങ്ങളെ നടപടികളിൽ നിന്ന് മാറ്റിനിർത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കാനഡ ബോർഡർ സർവീസസ് ഏജൻസി ഇയാളെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പുറത്താക്കൽ നടപടികൾ ആരംഭിച്ചത്. എന്നാൽ ഇമിഗ്രേഷൻ ആൻ്റ് റെഫ്യൂജി ബോർഡ് ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി.
ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ഭരണകൂടത്തിൻ്റെ ഭാഗമായിരുന്നവർ കാനഡയെ സുരക്ഷിത താവളമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകരും ഇറാനിയൻ വംശജരായ കനേഡിയൻ പൗരന്മാരും ആവശ്യപ്പെട്ടു. 2022-ൽ നടപ്പിലാക്കിയ ഫെഡറൽ നയമനുസരിച്ച് ടെഹ്‌റാൻ ഭരണകൂടത്തിലെ ഉന്നതർക്ക് കാനഡയിൽ പ്രവേശന വിലക്കുണ്ട്. ഈ നിയമപ്രകാരം ഇതുവരെ ഇരുപതിലധികം ഉദ്യോഗസ്ഥരെ സി.ബി.എസ്.എ കണ്ടെത്തിയെങ്കിലും, നടപടിക്രമങ്ങളിലെ സങ്കീർണ്ണത കാരണം ഒരാളെ മാത്രമാണ് ഇതുവരെ നാടുകടത്താൻ സാധിച്ചത്.
നിലവിൽ 236 ഇറാനിയൻ ഉദ്യോഗസ്ഥരുടെ വിസകൾ കാനഡ റദ്ദാക്കിയിട്ടുണ്ട്. ഇറാനിൽ ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ഇത്തരം ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്നത് നീതിനിഷേധമാണെന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. കേസുകളിൽ സുതാര്യത വേണമെന്നും കുറ്റവാളികളെ പരസ്യമായി വിചാരണ ചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.