ലോകമെമ്പാടും മരണത്തിന് കാരണമാകുന്ന പ്രധാന വില്ലനാണ് ഹൃദ്രോഗം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലം പ്രതിവര്‍ഷം ഏകദേശം 1.8 മുതല്‍ 2 കോടി ആളുകള്‍ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണക്രമം, മാനസിക സമ്മര്‍ദ്ദം, വ്യായാമം, പുകവലി, ഉറക്കം തുടങ്ങി നമുക്ക് സ്വാധീനിക്കാന്‍ കഴിയുന്ന കാരണങ്ങളാണ് പലപ്പോഴും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത്. ഒരുകാലത്ത് ഇത് പ്രായമായവരെ മാത്രമാണ് ബാധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ രോഗം ചെറുപ്പക്കാരേയും ബാധിച്ചുതുടങ്ങിയിരിക്കുന്നു.
നെഞ്ചുവേദന ഇല്ല എന്നത് കൊണ്ട് മാത്രം ഹൃദയം ആരോഗ്യകരമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഹൃദ്രോഗം പലപ്പോഴും നിശബ്ദമായി ബാധിച്ചേക്കാമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായമായവരും പ്രമേഹമുള്ളവരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി എല്ലെങ്കില്‍ കുടുംബത്തില്‍ ഹൃദ്രോഗപ്രശ്‌നം തുടങ്ങിയ അപകട ഘടകങ്ങളുള്ളവര്‍ക്ക് സാധാരണ ആരോഗ്യ പരിശോധനകള്‍, രക്തപരിശോധനകള്‍, ഇസിജി, ശാരീരിക പരിശോധനകള്‍ എന്നിവ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.