കാനഡയിലെ കാൽഗറി അന്താരാഷ്ട്ര വിമാനത്താവളം 2025-ൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ ചരിത്ര റെക്കോർഡ് കുറിച്ചു. കഴിഞ്ഞ വർഷം 19.4 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. ഇത് തുടർച്ചയായ നാലാം വർഷമാണ് വിമാനത്താവളം വളർച്ചാ നിരക്കിൽ മുന്നേറുന്നത്. 2024-ൽ രേഖപ്പെടുത്തിയ 18.9 ദശലക്ഷം എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്.
ചരിത്രത്തിലാദ്യമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാത്രം പ്രതിമാസം 20 ലക്ഷത്തിലധികം യാത്രക്കാർ വിമാനത്താവളത്തിൻ്റെ സേവനം പ്രയോജനപ്പെടുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിമാനത്താവളത്തിൻ്റെ ഈ വളർച്ച നഗരത്തിൻ്റെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര-നിക്ഷേപ രംഗങ്ങൾക്കും വലിയ മുതൽക്കൂട്ടാകുമെന്ന് കാൽഗറി എയർപോർട്ട് സിഇഒ ക്രിസ് ഡിൻസ്‌ഡേൽ അഭിപ്രായപ്പെട്ടു. ആഗോള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി 2025-ൽ 108 സ്ഥലങ്ങളിലേക്ക് കാൽഗറിയിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ ലഭ്യമാക്കിയിരുന്നു. ഇതിൽ 15 എണ്ണം പുതുതായി ആരംഭിച്ചവയാണ്. 2026-ൽ പ്രമുഖ വിമാനക്കമ്പനികളായ വെസ്റ്റ് ജെറ്റ്, ബ്രസീലിലെ സാവോ പോളോയിലേക്കും, എത്തിഹാദ് എയർവേയ്‌സ് , യുഎഇയിലെ അബുദാബിയിലേക്കും പുതിയ സർവീസുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.