വാഹനങ്ങളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊതുജനങ്ങൾക്ക് ബാരി പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം. കാനഡയിലെ ഒൻ്റാരിയോയിലുള്ള റോയൽ വിക്ടോറിയ റീജിയണൽ ഹെൽത്ത് സെൻ്റർ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന രണ്ട് പുതിയ ടൊയോട്ട കാറുകളിൽ നിന്നാണ് ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ കണ്ടെത്തിയത്. അജ്ഞാതമായ ട്രാക്കിംഗ് ഉപകരണത്തിൻ്റെ സാന്നിധ്യമുണ്ടെന്ന് മൊബൈൽ ഫോണിൽ അലർട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ കകണ്ടെത്തിയത്.ബോണറ്റിൻ്റെ അടിയിലായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്.
ഫെബ്രുവരി ആദ്യവാരം നടന്ന ഈ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഒരാൾ വാഹനങ്ങൾക്ക് സമീപം വരികയും ബോണറ്റിന് അടിയിലേക്ക് കൈകൾ വയാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനം എവിടെയൊക്കെ പോകുന്നു എന്ന് നിരീക്ഷിക്കാനും, മോഷ്ടിക്കാൻ പറ്റിയ സമയം കണ്ടെത്താനുമാണ് മോഷ്ടാക്കൾ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. കാറിൻ്റെ ബോണറ്റിന് അടിയിലോ, ടയറുകൾക്ക് മുകളിലോ, സ്പെയർ ടയർ വയ്ക്കുന്ന ഭാഗത്തോ കാന്തം ഉപയോഗിച്ച് ഇത്തരം ഉപകരണങ്ങൾ പെട്ടെന്ന് ഒട്ടിച്ചു വെക്കാൻ സാധിക്കും.
പുതിയ മോഡൽ വാഹനങ്ങൾ കൈവശമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. വാഹനങ്ങൾ സുരക്ഷിതമായ ഗാരേജുകളിൽ പാർക്ക് ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഫോണിൽ ഇത്തരത്തിലുള്ള അലേർട്ടുകൾ വരികയോ വാഹനത്തിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തുകയോ ചെയ്താൽ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കാനും നിർദ്ദേശമുണ്ട്.