അമേരിക്കയില്‍ 50 വര്‍ഷം താമസിച്ച സൈനികനെ നാടുകടത്തി

By: 600002 On: Feb 6, 2026, 12:02 PM



പി പി ചെറിയാന്‍

ജോര്‍ജിയ: അഞ്ചു പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന മുന്‍ യുഎസ് സൈനികന്‍ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷന്‍ അധികൃതരുടെ നടപടിക്കെതിരെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തിയ പോരാട്ടങ്ങള്‍ പരാജയപ്പെട്ടു.

ജമൈക്കയില്‍ ജനിച്ച ഗോഡ്ഫ്രി 1970-കളില്‍ കൗമാരപ്രായത്തിലാണ് അമേരിക്കയിലെത്തിയത്. തുടര്‍ന്ന് യുഎസ് ആര്‍മിയില്‍ ചേര്‍ന്ന് സേവനമനുഷ്ഠിച്ചു. ജോര്‍ജിയയില്‍ ആറ് മക്കളും കൊച്ചുമക്കളുമായി സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം.

2014-ല്‍ ഒരു ഇമിഗ്രേഷന്‍ കോടതി ഹാജരാകാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ഗോഡ്ഫ്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെട്ടപ്പോഴാണ് പഴയ ഉത്തരവിന്റെ പേരില്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഗോഡ്ഫ്രിക്ക് മുന്‍പ് ചില ക്രിമിനല്‍ കേസുകള്‍ (ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ) ഉണ്ടായിരുന്നുവെന്നും, നിയമം ലംഘിക്കുന്നവര്‍ക്ക് രാജ്യത്ത് തുടരാന്‍ അവകാശമില്ലെന്നുമാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ വാദം.

 തന്റെ പിതാവ് ഒരു കുറ്റവാളിയല്ലെന്നും, നീതിക്കായി കോടതിയില്‍ ഒരു അവസരം ചോദിച്ചിട്ടും സര്‍ക്കാര്‍ അത് നിഷേധിച്ചെന്നും മകള്‍ ക്രിസ്റ്റ്യന്‍ വേഡ് പറഞ്ഞു. എങ്കിലും മാസങ്ങളോളം തടങ്കല്‍ പാളയങ്ങളില്‍ അനുഭവിച്ച ദുരിതത്തിന് അറുതി വന്നതില്‍ ആശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സൈനികനായി രാജ്യത്തെ സേവിച്ചിട്ടും, ഒരു ജഡ്ജിക്ക് മുന്നില്‍ വാദങ്ങള്‍ കേള്‍ക്കാന്‍ പോലും അവസരം നല്‍കാതെയാണ് ഈ നടപടിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.