പി പി ചെറിയാന്‍
ദക്ഷിണകൊറിയന്‍ വിനോദ പരിപാടികള്‍ കാണുന്നവര്‍ക്കെതിരെ ഉത്തരകൊറിയ കടുത്ത നടപടികള്‍ തുടരുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ട്. പ്രശസ്ത നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായ 'സ്‌ക്വിഡ് ഗെയിം' (Squid Game) കണ്ടതിനും പ്രചരിപ്പിച്ചതിനും സ്‌കൂള്‍ കുട്ടികളെപ്പോലും പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കുന്നതായാണ് വെളിപ്പെടുത്തല്‍.
വിദേശ സിനിമകളും പാട്ടുകളും (പ്രത്യേകിച്ച് BTS പോലുള്ള ബാന്റുകള്‍) ആസ്വദിക്കുന്നത് ഉത്തരകൊറിയയില്‍ വലിയ കുറ്റമായാണ് കണക്കാക്കുന്നത്. മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി കുട്ടികളെപ്പോലും ഇത്തരം പരസ്യ വധശിക്ഷകള്‍ കാണാന്‍ നിര്‍ബന്ധിക്കുന്നു.
സാമ്പത്തികശേഷിയുള്ളവര്‍ക്കും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുന്നു.
2021-ല്‍ ചൈനയില്‍ നിന്ന് 'സ്‌ക്വിഡ് ഗെയിം' പതിപ്പുകള്‍ കടത്തിയ ഒരു വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊല്ലാന്‍ വിധിച്ചിരുന്നു. ഇത് വാങ്ങിയ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കഠിനതടവും ജീവപര്യന്തവുമാണ് ശിക്ഷ ലഭിച്ചത്.
വിദേശ വിവരങ്ങള്‍ രാജ്യത്തേക്ക് എത്താതിരിക്കാന്‍ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ ഒരു 'ആശയപരമായ കൂട്ടിലെന്നപോലെ' (Ideological cage) അടച്ചിട്ടിരിക്കുകയാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി.
യഥാര്‍ത്ഥ സ്‌ക്വിഡ് ഗെയിമിലെ ക്രൂരമായ നിയമങ്ങള്‍ പോലെ തന്നെയാണ് ഉത്തരകൊറിയയിലെ ജീവിതവുമെന്ന് രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.