കാനഡയിലെ യുവാക്കളിൽ മനോരോഗാവസ്ഥ വർദ്ധിക്കുന്നതായി പഠനം: കഞ്ചാവ് ഉപയോഗം വില്ലനാകുന്നുവെന്ന് മുന്നറിയിപ്പ്

By: 600110 On: Feb 5, 2026, 12:30 PM

 

കാനഡയിലെ യുവാക്കൾക്കിടയിൽ സ്കീസോഫ്രീനിയ ഉൾപ്പെടെയുള്ള മനോരോഗങ്ങളുടെ തോത് ഗണ്യമായി വർദ്ധിക്കുന്നതായി കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (CMAJ) പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു. ഒൻ്റാരിയോയിലെ 1.2 കോടി ജനങ്ങളുടെ മുപ്പതുവർഷത്തെ ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്ത ഗവേഷകർ ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതനുസരിച്ച് 14 മുതൽ 20 വയസ്സുവരെയുള്ളവരിലെ രോഗനിരക്കിൽ 60 ശതമാനം വർദ്ധനവുണ്ടായതായി കണ്ടെത്തി. എന്നാൽ 21 മുതൽ 50 വയസ്സുവരെയുള്ളവരിൽ ഈ നിരക്ക് മാറ്റമില്ലാതെ തുടരുകയോ കുറയുകയോ ആണ് ചെയ്തത്.

1990-കളിൽ ഈ പ്രായപരിധിയിലുള്ള ലക്ഷത്തിൽ 62.5 പേർക്ക് മാത്രമാണ് ഇത്തരം രോഗങ്ങൾ ബാധിച്ചിരുന്നത്. എന്നാൽ പഠനകാലയളവിൻ്റെ അവസാനത്തോടെ അത് 100 ആയി ഉയർന്നു.  
ഈ വർദ്ധനവിന് പിന്നിലെ പ്രധാന കാരണം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗമാണെന്ന് ആരോഗ്യവിദഗ്ധർ കരുതുന്നു. കഞ്ചാവിൻ്റെ ഉപയോഗം യുവാക്കളിൽ ഉത്കണ്ഠ, പരിഭ്രാന്തി , ഭ്രമാത്മക ചിന്തകൾ എന്നിവയ്ക്ക് പുറമെ ദീർഘകാലാടിസ്ഥാനത്തിൽ ഓർമ്മക്കുറവിനും വിഷാദരോഗത്തിനും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് കൗമാരപ്രായത്തിൽ ലഹരി ഉപയോഗിച്ചു തുടങ്ങുന്ന പുരുഷന്മാരിൽ രോഗാവസ്ഥ നേരത്തെ പ്രത്യക്ഷപ്പെടുന്നതായും പഠനം നിരീക്ഷിക്കുന്നു. ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നതിനൊപ്പം ഗുരുതരമായ മാനസികരോഗങ്ങളിലേക്ക് നയിക്കുന്ന കഞ്ചാവ് ഉപയോഗത്തിനെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.