കാനഡയുടെ സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തിൻ്റെ നിഴലിലാണെന്നും പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പലിശ നിരക്കുകൾ ഗണ്യമായി കുറച്ചിട്ടും രാജ്യത്തിൻ്റെ ആളോഹരി ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുന്നില്ലെന്ന് 'റോസെൻബെർഗ് റിസർച്ച്' പുറത്തിറക്കിയ 'കനേഡിയൻ ഇക്കണോമി ഓൺ ലൈഫ് സപ്പോർട്ട്' എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ കേവലം ഒരു ശതമാനം വാർഷിക വളർച്ച മാത്രമാണ് കാനഡ രേഖപ്പെടുത്തുന്നത്. നിർമ്മാണ മേഖല അഞ്ച് ശതമാനവും ഭവന വിപണി രണ്ട് ശതമാനവും ഇടിവ് നേരിടുന്നത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ ഇനിയും കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡേവിഡ് റോസെൻബെർഗ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം അഞ്ച് ശതമാനമായിരുന്ന പലിശ നിരക്കിൽ 2.75 ശതമാനത്തിൻ്റെ കുറവ് വരുത്തിയിട്ടും വിപണിയിൽ പ്രതീക്ഷിച്ച ചലനം ഉണ്ടായിട്ടില്ല. നാലാം പാദത്തിൽ സമ്പദ്വ്യവസ്ഥ 0.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം. കഴിഞ്ഞ മൂന്ന് പാദങ്ങളിൽ രണ്ടിലും സാമ്പത്തിക വളർച്ചാ നിരക്ക് നെഗറ്റീവ് ആയ സാഹചര്യത്തിൽ, രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റോസെൻബെർഗ് റിസർച്ച് വ്യക്തമാക്കുന്നു.