വാൻകൂവർ നഗരം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട വിൻ്ററിലൂടെയാണ് കടന്നുപോകുന്നത്. ഫെബ്രുവരി മാസം ആരംഭിച്ചിട്ടും വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ഇതുവരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടില്ല. സ്പ്രിംഗ് സീസണിന് മുൻപ് ഈ സ്ഥിതിയിൽ മാറ്റമുണ്ടായില്ലെങ്കിൽ, 1982-83 കാലഘട്ടത്തിന് ശേഷം നഗരം നേരിടുന്ന ആദ്യത്തെ 'സ്നോ-ഫ്രീ' വിൻ്ററായി ഇത് മാറും.
ബ്രിട്ടീഷ് കൊളംബിയയുടെ വിവിധ ഭാഗങ്ങളിൽ നിലവിൽ അനുഭവപ്പെടുന്ന അസാധാരണമായ താപനില വർദ്ധനവും Atmospheric Rivers മൂലം ലഭിക്കുന്ന മഴയുമാണ് മഞ്ഞുവീഴ്ച കുറയാൻ പ്രധാന കാരണമായി എൻവയോൺമെൻ്റ് കാനഡ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നഗരത്തിലെ ടൂറിസം, കായിക മേഖലകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രശസ്തമായ ഗ്രൗസ് മൗണ്ടൻ സ്കീ റിസോർട്ടിൽ പല സ്കീ റണ്ണുകളും മഞ്ഞില്ലാത്തതിനാൽ അടഞ്ഞു കിടക്കുകയാണ്. സാധാരണയായി ഏപ്രിൽ മാസത്തിൽ മാത്രം തുറക്കാറുള്ള ഗ്രൗസ് ഗ്രൈൻഡ് ഹൈക്കിംഗ് ട്രയൽ, മഞ്ഞുകാലത്തിൻ്റെ അഭാവം മൂലം ഈ വർഷം നേരത്തെ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അടുത്ത പത്ത് ദിവസത്തേക്ക് മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയില്ലെന്നും, പർവതപ്രദേശങ്ങളിൽ മഞ്ഞുരുകുന്നത് മൂലം തീരദേശ മേഖലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകനായ കെൻ ദോസഞ്ച് മുന്നറിയിപ്പ് നൽകുന്നു.