ഖനന മേഖലയില്‍ ആഗോള സഖ്യം; അമേരിക്കന്‍ നിര്‍ദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

By: 600002 On: Feb 5, 2026, 10:18 AM



 


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: നിര്‍ണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല സുരക്ഷിതമാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു ഏകീകൃത വ്യാപാര സഖ്യം രൂപീകരിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശത്തിന് ഇന്ത്യ പിന്തുണ അറിയിച്ചു. വാഷിംഗ്ടണില്‍ ഫെബ്രുവരി 4 നടന്ന നിര്‍ണ്ണായക ധാതുക്കളുടെ മന്ത്രിതല യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ആഗോള വിതരണ ശൃംഖല ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത് വലിയ അപകടമാണെന്നും ഇത് ഒഴിവാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏകോപിതമായ സഹകരണം വേണമെന്നും ജയശങ്കര്‍ പറഞ്ഞു.

ആധുനിക സമ്പദ്വ്യവസ്ഥയില്‍ എണ്ണയും വാതകവും പോലെ പ്രധാനമാണ് ഈ ധാതുക്കളെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. സമാന ചിന്താഗതിയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു 'ട്രേഡിംഗ് ബ്ലോക്ക്' (Trading Bloc) രൂപീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഏകോപിത വ്യാപാര ചട്ടക്കൂടിനായി പ്രവര്‍ത്തിക്കാന്‍ സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെട്ടു.

സെമികണ്ടക്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ക്ക് ആവശ്യമായ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം.

ദേശീയ സുരക്ഷയ്ക്കും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കും ഈ മേഖലയിലെ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.