കാറിനുള്ളിലെ കൊടുംചൂടില്‍ പിഞ്ചുമനസ്സ് പൊലിഞ്ഞു; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

By: 600002 On: Feb 5, 2026, 9:23 AM



 


പി പി ചെറിയാന്‍

ഗ്രീന്‍സ്‌ബോറോ: മനസ്സാക്ഷിയെ നടുക്കുന്ന ഒരു ദാരുണ സംഭവത്തില്‍, നാല് വയസ്സുകാരിയായ മകളെ കാറിനുള്ളിലെ കടുത്ത ചൂടില്‍ തനിച്ച് ഉപേക്ഷിച്ചു കൊലപ്പെടുത്തിയ പിതാവിനെതിരെ പോലീസ് ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍സ്‌ബോറോ സ്വദേശിയായ ഷൈഹൈം ഡീയോണ്‍ മൂര്‍ (30) ആണ് ഈ ക്രൂരതയ്ക്ക് പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുത്ത ചൂടുള്ള സമയത്ത് കുട്ടിയെ ദീര്‍ഘനേരം കാറിനുള്ളില്‍ ശ്രദ്ധിക്കാതെ വിട്ടതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെപ്റ്റംബര്‍ 24-ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യം കുട്ടികളോടുള്ള ക്രൂരതയ്ക്കും  അശ്രദ്ധയ്ക്കും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് 2.5 ലക്ഷം ഡോളറിന്റെ ബോണ്ടില്‍ ഇയാള്‍ ജയിലിലായിരുന്നു.

എന്നാല്‍ അന്വേഷണം പുരോഗമിച്ചതോടെ, ഫെബ്രുവരി 3 ചൊവ്വാഴ്ച,  ഡിറ്റക്ടീവുകള്‍ പിതാവിനെതിരെ 'ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍' (ഒന്നാം ഡിഗ്രി കൊലപാതകം) ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവി ച്ചതായി പോലീസ് പറഞ്ഞു.

മനഃപൂര്‍വം ശാരീരിക പരിക്കേല്‍പ്പിച്ചു എന്ന കുറ്റവും ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ജാമ്യമില്ലാതെ ഗില്‍ഫോര്‍ഡ് കൗണ്ടി ജയിലില്‍ കഴിയുകയാണ് പ്രതി. കുട്ടികളെ വാഹനങ്ങളില്‍ തനിച്ച് ഇരുത്തുന്നതിലെ അപകടത്തെക്കുറിച്ച് വീണ്ടും ലോകത്തിന് മുന്നില്‍ ഒരു മുന്നറിയിപ്പായി ഈ സംഭവം മാറിയിരിക്കുകയാണ്.