ഇറാനില്‍ വീണ്ടും തടവിലാക്കപ്പെട്ട നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദി നിരാഹാര സമരത്തില്‍

By: 600002 On: Feb 5, 2026, 9:06 AM



 

പി പി ചെറിയാന്‍

ടെഹ്‌റാന്‍: 2023-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദി ഇറാനിലെ തടങ്കലില്‍ നിരാഹാര സമരം ആരംഭിച്ചു. നിയമവിരുദ്ധമായ തടങ്കലിനും ജയിലിലെ മോശം സാഹചര്യങ്ങള്‍ക്കും പ്രതിഷേധിച്ചാണ് സമരം. 2025 ഫെബ്രുവരി ഒന്നിനാണ് (തിങ്കളാഴ്ച) അവര്‍ സമരം തുടങ്ങിയതെന്ന് പാരീസ് ആസ്ഥാനമായുള്ള 'നര്‍ഗീസ് ഫൗണ്ടേഷന്‍' അറിയിച്ചു.

ആരോഗ്യപരമായ കാരണങ്ങളാല്‍ ജയില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്ന നര്‍ഗീസിനെ, 2025 ഡിസംബറില്‍ മഷാദില്‍ വെച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖോസ്റോ അലിക്കോര്‍ദിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് സുരക്ഷാ സേന വീണ്ടും അറസ്റ്റ് ചെയ്തത്.

ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന നര്‍ഗീസിന് നിരാഹാര സമരം ജീവന് ഭീഷണിയാണെന്ന് കുടുംബം ആശങ്കപ്പെടുന്നു.

തന്റെ അമ്മയുടേത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരുടെ അവസ്ഥ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമാണെന്ന് നര്‍ഗീസിന്റെ മകന്‍ അലി റഹ്‌മാനി പ്രതികരിച്ചു. ജയിലില്‍ നിന്ന് വീട്ടിലേക്ക് വിളിക്കുമ്പോള്‍ എല്ലാം സുരക്ഷിതമാണെന്ന് പറയാന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ സത്യം വിളിച്ചുപറയാന്‍ നര്‍ഗീസ് ഉറച്ചുനില്‍ക്കുകയാണെന്നും ഭര്‍ത്താവ് താഗി റഹ്‌മാനി പറഞ്ഞു.

ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായും മനുഷ്യാവകാശങ്ങള്‍ക്കായും നടത്തിയ പോരാട്ടത്തിനാണ് 2023-ല്‍ അവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഭൂരിഭാഗം സമയവും അവര്‍ തടവിലായിരുന്നു.

ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കും നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ക്കുമെതിരെ ജയിലില്‍ കിടന്നും പോരാടുന്ന നര്‍ഗീസിനെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.