ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

By: 600002 On: Feb 5, 2026, 8:55 AM


 

പി പി ചെറിയാന്‍

ഫ്‌ളോറിഡ: 2024 സെപ്റ്റംബറില്‍ ഫ്‌ലോറിഡയിലെ ഗോള്‍ഫ് കോഴ്‌സില്‍ വെച്ച് അന്നത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച റയാന്‍ റൗത്തിന് (59) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ വെച്ചായിരുന്നു റൗത്തിന്റെ വധശ്രമം.

ഗോള്‍ഫ് കോഴ്‌സിലെ കുറ്റിക്കാട്ടില്‍ തോക്കുമായി ഒളിച്ചിരുന്ന റൗത്തിനെ സീക്രട്ട് സര്‍വീസ് ഏജന്റ് കണ്ടെത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ സമീപത്തുനിന്നും പിടികൂടുകയായിരുന്നു.

മാസങ്ങളോളം നീണ്ട ആസൂത്രണം, പശ്ചാത്താപമില്ലായ്മ, ആരെയും കൊല്ലാനുള്ള മനോഭാവം എന്നിവ കണക്കിലെടുത്താണ് ജഡ്ജി ഐലീന്‍ കാനന്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

വിചാരണവേളയില്‍ തനിക്ക് വേണ്ടി തന്നെ വാദിച്ച റൗത്ത്, ട്രംപിനെ ഗോള്‍ഫ് കളിക്കാന്‍ വെല്ലുവിളിക്കുകയും ഹിറ്റ്ലറെയും പുടിനെയും പരാമര്‍ശിക്കുകയും ചെയ്തിരുന്നു. വിധി വന്നതിന് പിന്നാലെ കോടതിയില്‍ വെച്ച് ഇയാള്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കാനും ശ്രമിച്ചു.

ഇയാള്‍ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് സ്‌കോപ്പുള്ള റൈഫിളും ട്രംപിന്റെ യാത്രാ വിവരങ്ങളടങ്ങിയ കുറിപ്പുകളും പോലീസ് കണ്ടെടുത്തിരുന്നു.

2024-ല്‍ ട്രംപിന് നേരെ നടന്ന രണ്ടാമത്തെ വധശ്രമമായിരുന്നു ഇത്. നേരത്തെ ജൂലൈയില്‍ പെന്‍സില്‍വേനിയയില്‍ നടന്ന റാലിക്കിടെയും അദ്ദേഹത്തിന് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു.