കാൽഗറിയിലെ ഭവന വിപണിയിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് വർഷത്തെ അപേക്ഷിച്ച് ജനുവരിയിൽ ഏറ്റവും കൂടുതൽ വീടുകൾ വില്‍പനയ്ക്ക് തയ്യാറായത് ഈ മാസമാണ്. വിപണിയിൽ വീടുകളുടെ എണ്ണം കൂടിയതോടെ സ്വാഭാവികമായും വിലയിൽ കുറവുണ്ടായിത്തുടങ്ങിയത് വീട് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസകരമാവുകയാണ്.
കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡിന്റെ (CREB) 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം 4,391 വീടുകളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.6% അധികം വീടുകൾ ഇത്തവണ വിപണിയിലുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇത് 3,860 മാത്രമായിരുന്നു. വിൽപ്പന കുറയുകയും പുതിയ ലിസ്റ്റിംഗുകൾ വൻതോതിൽ വർധിക്കുകയും ചെയ്തതാണ് വീടുകളുടെ എണ്ണം കൂടാൻ പ്രധാന കാരണം. ജനുവരിയിൽ 2,785 പുതിയ ലിസ്റ്റിംഗുകൾ വന്നപ്പോൾ വിൽപ്പന നടന്നത് വെറും 1,234 വീടുകൾ മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 14.8% ഇടിവ് സംഭവിച്ചു.
എല്ലാത്തരം പ്രോപ്പർട്ടികളുടെയും ലഭ്യതയിൽ കാര്യമായ മാറ്റങ്ങളുണ്ട്. സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ ലഭ്യതയിൽ 38 ശതമാനവും റോ ഹൗസുകളിൽ 33 ശഥമാനവും ഡിറ്റാച്ച്ഡ് വീടുകളിൽ 21 ശതമാനവും അപ്പാർട്ട്‌മെന്റുകളിൽ 11 ശതമാനത്തിൻ്റെയും വർധനയുണ്ട്. ലഭ്യത കൂടിയതോടെ കാൽഗറിയിലെ ശരാശരി ഭവനവില 4.7ശതമാനം കുറഞ്ഞ് $554,400-ൽ എത്തി. ഇതിൽ ഏറ്റവും വലിയ വിലക്കുറവ് രേഖപ്പെടുത്തിയത് അപ്പാർട്ട്‌മെന്റുകൾക്കാണ്. 7.7% ഇടിവോടെ $301,200 ആണ് അപ്പാർട്ട്‌മെന്റുകളുടെ ഇപ്പോഴത്തെ ശരാശരി വില. റോ ഹൗസുകളുടെ വില 5.2% കുറഞ്ഞ് $420,800 ആയിട്ടുണ്ട്. വിപണിയിലെ ഈ പ്രവണത തുടരുകയാണെങ്കിൽ വരും മാസങ്ങളിലും വിലയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാം.