ആൽബർട്ടയിലെ ‘ബിൽ 11’ വിവാദത്തിൽ; കാനഡയുടെ സൗജന്യ ആരോഗ്യ പരിരക്ഷാ സംവിധാനം തകരുമെന്ന് മുന്നറിയിപ്പ്

By: 600110 On: Feb 5, 2026, 5:44 AM

 

ആൽബർട്ട സർക്കാർ കൊണ്ടുവന്ന പുതിയ ആരോഗ്യ പരിരക്ഷാ നിയമമായ 'ബിൽ 11' കാനഡയിലുടനീളം വലിയ ആശങ്കകൾക്ക് വഴിതുറക്കുന്നതായി റിപ്പോർട്ട്. ഈ നിയമം രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. 2025 ഡിസംബറിൽ പാസാക്കിയ ഈ നിയമം പ്രവിശ്യയിലെ പല ആരോഗ്യ നിയമങ്ങളിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.   ഇത് ആരോഗ്യമേഖലയെ ആധുനികവൽക്കരിക്കുമെന്നും രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നുമാണ് നിയമത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്.  എന്നാൽ, 'പാർക്ക്‌ലാൻഡ് ഇൻസ്റ്റിറ്റ്യൂട്ടും' 'കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സും' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ നിയമം 'കാനഡ ഹെൽത്ത് ആക്ടിനെ' ലംഘിക്കുന്നതാണ്.

    പുതിയ നിയമം ഡോക്ടർമാരെ പൊതുജനാരോഗ്യ സംവിധാനത്തിൽ നിന്ന് അകറ്റാൻ പ്രേരിപ്പിക്കുമെന്ന് ഗവേഷകർ വാദിക്കുന്നു.  ഇത് രോഗികളുടെ കാത്തിരിപ്പ് സമയം വർദ്ധിപ്പിക്കുന്നതിനും ചികിത്സാ ചിലവ് കൂടുന്നതിനും കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സ്വകാര്യ ഇൻഷുറൻസുകൾക്കും യൂസർ ഫീസുകൾക്കും വഴിതുറക്കുന്നതിലൂടെ ആശുപത്രികൾ ലാഭത്തിന് പിന്നാലെ പോകാൻ ഈ നിയമം കാരണമായേക്കാം. സൗജന്യമായി ലഭിക്കേണ്ട സേവനങ്ങൾക്ക് പോലും സ്വകാര്യ ഇൻഷുറൻസ് വിപണി രൂപപ്പെടാൻ ഇത് ഇടയാക്കും.എല്ലാവർക്കും തുല്യമായ ചികിത്സ ഉറപ്പാക്കുന്ന കാനഡയുടെ പൊതുജനാരോഗ്യ മൂല്യങ്ങളെ ഇത് തകർക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

    എന്നാൽ ഈ റിപ്പോർട്ട് പക്ഷപാതപരമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞ് ആൽബർട്ട സർക്കാർ ഇതിനെ തള്ളിക്കളഞ്ഞു. കുടുംബ ഡോക്ടർമാരെ കാണുന്നതിനോ മറ്റ് ചികിത്സകൾക്കോ ആർക്കും പണം നൽകേണ്ടി വരില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ ആവർത്തിച്ചു വ്യക്തമാക്കുന്നു.ബിൽ 11 ആരോഗ്യരംഗത്തെ പുരോഗതിയാണെന്ന് ഒരു വിഭാഗം കരുതുമ്പോൾ, ഇത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് മറ്റുള്ളവർ ഭയപ്പെടുന്നു.