ഒൻ്റാരിയോയിലെ യുവാക്കൾക്കിടയിൽ സൈക്കോസിസ് നിരക്ക് വർദ്ധിക്കുന്നു; ആശങ്കയോടെ ഗവേഷകർ

By: 600110 On: Feb 4, 2026, 1:08 PM

 

കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ 14 മുതൽ 20 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ സൈക്കോസിസ് , സ്കീസോഫ്രീനിയ തുടങ്ങിയ ഗുരുതരമായ മാനസികരോഗങ്ങൾ വർദ്ധിച്ചുവരുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

1960 മുതൽ 2009 വരെ ജനിച്ച 1.2 കോടിയിലധികം നിവാസികളുടെ മുപ്പത് വർഷത്തെ ആരോഗ്യവിവരങ്ങളാണ് വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഠനമനുസരിച്ച്, 14-20 പ്രായപരിധിയിലുള്ളവർക്കിടയിൽ ഇത്തരം രോഗനിർണ്ണയ നിരക്ക് 60 ശതമാനം വർദ്ധിച്ചതായി കണ്ടെത്തി. എന്നാൽ 21 മുതൽ 50 വയസ്സ് വരെയുള്ളവരിൽ ഈ നിരക്ക് മാറ്റമില്ലാതെ തുടരുകയോ കുറയുകയോ ആണ് ചെയ്തത്. ഈ പ്രവണത യുവാക്കളുടെ മാനസികാരോഗ്യ രംഗത്ത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.

കാനഡയിലെ ജനസംഖ്യയിൽ ഏകദേശം ഒരു ശതമാനം പേരെ ബാധിക്കുന്ന, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയാണ് സ്കീസോഫ്രീനിയ. ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. കഞ്ചാവിൻ്റെ ഉപയോഗം, മറ്റ് ലഹരിമരുന്നുകൾ,  കുട്ടിക്കാലത്തുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ എന്നിവ രോഗകാരണങ്ങളായേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

യുവാക്കളിലും കുറഞ്ഞ വരുമാനമുള്ള ചുറ്റുപാടുകളിൽ കഴിയുന്നവരിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ഡെന്മാർക്ക്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, രോഗം ബാധിച്ചവർക്ക് നേരത്തെ ലഭിക്കുന്ന സഹായവും പിന്തുണയും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.